കഴിഞ്ഞ ദിവസം ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍ സി ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തി ചേര്‍ന്നത്. രാവിലെ 11.45 ന് ആരംഭിച്ച പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 2 ന് റെഡ്ഡിച്ച് ബറോ സെമിത്തേരിയില്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. തുടര്‍ന്ന് ഇരുവരേയും പ്രാദേശിക കൗണ്‍സിലിന്റെ പ്രത്യേക അനുമതിയോടെ ഒരേ കല്ലറയില്‍ അടക്കി.
ഇരുവര്‍ക്കും വിട ചൊല്ലനായി ഉത്രാട നാളില്‍ തിരക്കുകല്‍ മാറ്റിവച്ചാണ് മലയാളി സമൂഹം റെഡ്ഡിച്ചിലെത്തിയത്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബര്‍മിങ്ഹാം ഹോളി ട്രിനിറ്റി ചര്‍ച്ചിലെ സബി മാത്യു മുഖ്യ കാര്‍മികത്വം വഹിച്ചു. സംസ്‌കാര ചടങ്ങില്‍ റെഡ്ഡിച്ച് ബോറോ കൗണ്‍സില്‍ മേയര്‍ ജുമാ ബീഗം, റെഡ്ഡിച്ച് എംപി ക്രിസ്റ്റഫര്‍ ബ്ലോറ എന്നിവര്‍ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു. റെഡ്ഡിച്ചിലെ മലയാളി സംഘടനയായ കെസിഎ ആണ് സംസ്‌കാര ശ്രുശ്രൂഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്‌കാരത്തിന് വേണ്ടി വരുന്ന ചെലവുകള്‍ക്കുള്ള തുക കെസിഎ തന്നെ കണ്ടെത്തി നല്‍കുകയായിരുന്നുവെന്ന് കെസിഎ പ്രസിഡന്റ് ജയ് തോമസ്, സെക്രട്ടറി ജസ്റ്റിന്‍ മാത്യു എന്നിവര്‍ അറിയിച്ചു.
ഓഗസ്റ്റ് 18നായിരുന്നു സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തി ഒരു മണിക്കൂര്‍പോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവന്‍ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ അനില്‍ പിറ്റേന്ന് രാത്രി വീടിനു സമീപത്തുള്ള മരത്തില്‍ ജീവനൊടുക്കുകയായിരുന്നു.
മുന്നോട്ടുള്ള കാര്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. ഡിപെന്‍ഡന്റ് വീസയിലായതിനാല്‍ നാട്ടിലേയ്ക്കു മടങ്ങേണ്ടി വരുമെന്നതും ബാധ്യതകളുമെല്ലാം അദ്ദേഹത്തെ അലട്ടിയിരുന്നു.
'ഞാന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും' വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു അനില്‍ ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്.
ഇരുവരുടെയും മരണത്തോടെ മക്കളായ ലിയയും ലൂയിസും തനിച്ചായി. കോട്ടയം വാകത്താനം വലിയപറമ്പില്‍ കുടുംബാംഗമാണ് അനില്‍ ചെറിയാന്‍. റെഡ്ഡിച്ചിലെ അലക്‌സാന്ദ്ര ആശുപത്രിയിലെ നഴ്‌സായിരുന്നു സോണിയ. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ജീവിതത്തില്‍ ഒരുമിച്ച ഇരുവരും ഒടുവില്‍ മരണത്തിലും ഒരുമിച്ചപ്പോള്‍ തനിച്ചായത് രണ്ടു കുഞ്ഞുങ്ങളാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കരുതലിലും സംരക്ഷണയിലുമാകും തല്‍ക്കാലം ഈ കുഞ്ഞുങ്ങളുടെ ജീവിതം. |