മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും അപകടത്തിന് മുന്‍പ് എംഡിഎംഎ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തല്‍. പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇരുവരും മദ്യപിച്ചിരുന്നതായും കസ്റ്റഡി അപേക്ഷയില്‍ പൊലീസ് പറയുന്നു.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും എംഡിഎംഎ ഉപയോഗിക്കാനുള്ള ട്യൂബും കണ്ടെത്തി. അപകടമുണ്ടാകുന്നതിന് തലേന്നാണ് അജ്മലും ശ്രീക്കുട്ടിയും മുറിയെടുത്തത്. അപകടത്തിന് തലേന്നാണ് പ്രതികള്‍ എംഡിഎംഎ ഉപയോഗിച്ചത്. രാസലഹരി ഉപയോഗിക്കാനായി പ്രതികള്‍ ഹോട്ടലില്‍ മുറിയെടുക്കാറുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവോണ ദിവസം ഒരു സുഹൃത്തിന്റെ വീട്ടില്‍വച്ചു മദ്യപിച്ച ശേഷം മടങ്ങുംവഴിയാണ് അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോള്‍ (45) കൊല്ലപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാറിടിച്ച് റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ പ്രതികള്‍ വീണ്ടും കാറോടിച്ചു കയറ്റുകയായിരുന്നു. അവിടെനിന്നു കടന്ന പ്രതികളെ നാട്ടുകാര്‍ പിന്തുടര്‍ന്നു തടഞ്ഞ് പൊലീസിനു കൈമാറി. അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നുവെന്നു വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു. പ്രതികള്‍ രാസലഹരി ഉപയോഗിച്ചിരുന്നുവെന്നു സംശയിക്കുന്നതായും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു. |