അമരന്‍ - കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാകുന്നു
Text By: Reporter, ukmalayalampathram
'അമരന്‍'എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്. സായി പല്ലവിയുടെ ക്യാരക്ടര്‍ ടീസര്‍ ആണ് പുറത്തു വന്നിരിക്കുന്നത്. കശ്മീരിലെ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയുന്ന ചിത്രമാണ് അമരന്‍. ശിവകാര്‍ത്തികേയന്‍ മുകുന്ദ് വരദരാജായി വേഷമിടുന്ന ചിത്രത്തില്‍ മുകുന്ദിന്റെ ഭാര്യയും മലയാളിയുമായ ഇന്ദു റബേക്ക വര്‍ഗീസിനെയാണ് സായി അവതരിപ്പിക്കുന്നത്. ഭാര്യ ഇന്ദു റബേക്കാ വര്‍ഗീസ് NDTV യ്ക്ക് നല്‍കിയ ഒരു ഇന്റര്‍വ്യൂന്റെ പ്രസക്ത ഭാഗം കൂടി ഉള്‍പ്പെടുത്തിയാണ് ടീസര്‍ റിലീസായിരിക്കുന്നത്.
Teaser Video: -
ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇറങ്ങിയപ്പോള്‍ ഇന്ദു റബേക്ക വര്‍ഗീസ് വളരെ വൈകാരികമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. 'അമരന്‍..മരണമില്ലാത്തവന്‍..ഇത് എങ്ങനെ പറയണമെന്ന് ഞാന്‍ ആയിരം തവണ ചിന്തിച്ചു, പക്ഷേ എല്ലായ്പ്പോഴും എന്നപോലെ ഞാന്‍ ഹൃദയത്തെ അത് പറയാന്‍ പഠിപ്പിച്ചു , ഒരു ദശാബ്ദം കടന്നുപോയി ഇപ്പോള്‍ വെള്ളിത്തിരയില്‍ അദ്ദേഹത്തിന്റെ സ്മരണയും ദേശസ്നേഹവും എന്നെന്നേക്കുമായി അനശ്വരമാകുന്ന സമയമാണ് . ഞാന്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നു' എന്നാണ് അന്ന് ഇന്ദു എഴുതിയത്.
2014 ഏപ്രില്‍ 25 ന്, തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ വെച്ച് തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട മേജര്‍ മുകുന്ദ് വരദരാജ് യാത്രാമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു . മരണാനന്തര ബഹുമതിയായി അശോക ചക്രം ഏറ്റുവാങ്ങുന്ന ഇന്ദു റബേക്കാ വര്‍ഗീസിന്റെ ദൃശ്യങ്ങളും ടീസറിലുണ്ട്. ശിവകാര്‍ത്തികേയന്‍ സായിപല്ലവി ജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രം സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയുമായി സഹകരിച്ച് കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്.