ലണ്ടന്‍: ബ്രിട്ടനിലെ മന്ത്രിമാര്‍ പാരിതോഷികങ്ങള്‍ സ്വീകരിച്ചാല്‍ കൃത്യമായ മൂല്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കാന്‍ ഒരുങ്ങി ലേബര്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച നിയമങ്ങളില്‍ പരിഷ്‌ക്കരണം വരുത്തി നടപടികള്‍ ശക്തമാക്കാനാണ് ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം. തങ്ങളുടെ ഔദ്യോഗിക സര്‍ക്കാര്‍ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും ഇനി മുതല്‍ മന്ത്രിമാര്‍ എം പി റജിസ്റ്ററിലും രേഖപ്പെടുത്തുവാന്‍ നിര്‍ബന്ധിതരാകും. ലേബര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സ്ഥിരമായി പാരിതോഷികങ്ങള്‍ നല്‍കുന്ന ലോര്‍ഡ് അല്ലിയില്‍ നിന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറിനും മറ്റ് ഉന്നത മന്ത്രിമാര്‍ക്കും ലഭിച്ച സമ്മാനങ്ങളെ സംബന്ധിച്ച് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നീക്കത്തെ അപലപിച്ച് കഴിഞ്ഞ ദിവസം ലേബര്‍ പാര്‍ട്ടി അംഗമായ റോസി ഡഫീല്‍ഡ് എം പി നാടകീയ നീക്കത്തിലൂടെ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതായി അറിയിച്ചിരുന്നു.
പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം അധികാരത്തിലും അത്യാഗ്രഹത്തിലും കൂടുതല്‍ ശ്രദ്ധാലുക്കളാണ് പ്രധാനമന്ത്രിയും സംഘവുമെന്ന് അവര്‍ ആരോപിച്ചു. എംപിമാര്‍ നിലവില്‍ അവരുടെ പാര്‍ലമെന്ററി അല്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 300 പൗണ്ടില്‍ കൂടുതല്‍ വിലമതിക്കുന്ന സമ്മാനങ്ങളും മറ്റും സ്വീകരിച്ചാല്‍ 28 ദിവസത്തിനുള്ളില്‍ നല്‍കിയ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും സമ്മാനത്തിന്റെ മൂല്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തണം എന്നാണ് നിയമം അനുശാസിക്കുന്നത്. പാര്‍ലമെന്റ് ചേരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ രേഖകളായി പൊതുവില്‍ പ്രസിദ്ധീകരിക്കപ്പെടും. എന്നാല്‍ കണ്‍സര്‍വേറ്റീവ് നേതാവ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കീഴില്‍ കൊണ്ടുവന്ന ചട്ട പ്രകാരം മന്ത്രിമാര്‍ക്ക് അവരുടെ സര്‍ക്കാര്‍ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങള്‍ മൂന്നുമാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഡിക്ലറേഷനുകളില്‍ പ്രഖ്യാപിക്കാം എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതില്‍ ലഭിക്കുന്ന സമ്മാനങ്ങളുടെ കൃത്യമായ മൂല്യം വ്യക്തമാക്കേണ്ട ആവശ്യകതയുമില്ല. ഇനിമുതല്‍ മന്ത്രിമാര്‍ക്ക് തങ്ങളുടെ എംപി റജിസ്റ്ററിലും ഇത്തരം സമ്മാനങ്ങള്‍ രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
സര്‍ക്കാരിന് കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു നീക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മന്ത്രിമാരും പ്രതിപക്ഷ പ്രതിനിധികളായ ഷാഡോ മന്ത്രിമാരും ഒരേ നിയമം പാലിക്കുന്ന തരത്തില്‍ നിയമങ്ങള്‍ക്ക് മാറ്റം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തില്‍ ഇരിക്കെ ഉണ്ടായ പഴുതിനെ തങ്ങള്‍ നീക്കുകയാണ് എന്ന തരത്തില്‍ ലേബര്‍ പാര്‍ട്ടി പുതിയ തീരുമാനത്തെ അവതരിപ്പിക്കുമ്പോള്‍ പ്രധാനമന്ത്രി സ്വീകരിച്ച സമ്മാനങ്ങള്‍ സംബന്ധിച്ച് ഉണ്ടായ വിവാദം ഇല്ലാതികില്ലെന്ന് കണ്‍സര്‍വേറ്റീവ് നേതാക്കള്‍ അറിയിച്ചു.