ലണ്ടന്‍: അടുത്തകാലത്തായി ഇന്ത്യയില്‍ നിന്ന് യുവാക്കളുടെ വിദേശരാജ്യങ്ങളിലേക്കു കുടിയേറ്റം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഉയര്‍ന്ന വരുമാനവും ജോലിയുമാണ് ലക്ഷ്യം. എന്നാല്‍, വിദേശ രാജ്യങ്ങള്‍ അവിടെ എത്തുന്ന വിദേശികള്‍ക്ക് എത്രമാത്രം സുരക്ഷിതമാണെന്ന് സ്വന്തം അനുഭവത്തിലൂടെ ഒരു എഴുത്തുകാരി വിവരിച്ചപ്പോള്‍ ആ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എഴുത്തുകാരിയും ഗ്രീന്‍കാര്‍ഡ് ഇന്‍കോര്‍പ്പറേഷന്റെ സഹസ്ഥാപകയുമായ സൗന്ദര്യ ബാലസുബ്രമണിയാണ് വീഡിയോ പങ്കുവച്ചത്. കഴിഞ്ഞ സെപ്തംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ലണ്ടനിലെ തെരുവില്‍ വച്ച് ഒരാള്‍ തന്നോട് പണം ആവശ്യപ്പെട്ടെന്നും കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ തന്റെ മുഖത്ത് കുത്തിയതായും ഇവര്‍ വീഡിയോയില്‍ പറയുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ താന്‍ സ്തംഭിച്ച് പോയെന്നും പിന്നീട് നോക്കുമ്പോള്‍ അതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ തന്റെ മൂക്കില്‍ നിന്നും രക്തം ഒഴുകുകയായിരുന്നു. ഈ സമയത്ത് താന്‍ നിലത്ത് മുട്ട് കുത്തിയിരുന്നു. തന്റെ ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് തിരിഞ്ഞ് നോക്കിയപ്പോള്‍ ആക്രമിച്ചയാള്‍ തന്നെ നോക്കി ചിരിച്ച് കൊണ്ട് പിന്നില്‍ നില്‍ക്കുന്നതാണ് കണ്ടതെന്നും ഇവര്‍ ഒരു വീഡിയോയില്‍ പറയുന്നു.
ചുറ്റും കൂടിയവരും പോലീസും 15 മിനിറ്റിനുള്ളില്‍ ആശുപത്രിയിലെത്തിച്ചു. ഏതാണ്ട് എട്ട് മണിക്കൂറോളം ആശുപത്രിയില്‍ ചെവഴിച്ചു. ഈ സമയം കണ്ണിന്റെ കാഴ്ച നഷ്ടപ്പെടരുതെന്ന് മാത്രമായിരുന്നു തന്റെ ചിന്ത. ഒടുവില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ മൂക്കിന് പല സ്ഥലങ്ങളിലായി പൊട്ടലുണ്ടെങ്കിലും കാഴ്ചയ്ക്ക് പ്രശ്‌നമൊന്നും സംഭവിച്ചില്ല. ആശുപത്രിയില്‍ വലിയ കാശാകുമെന്നാണ് കരുതിയതെങ്കിലും എല്ലാം ഫ്രീയായിരുന്നു. പക്ഷേ, ഒരു വിദേശ രാജ്യത്ത് ഒരു പരിചയവും ഇല്ലാത്തിടത്ത് ഇത്തരമൊരു സംഭവം നടക്കുമ്പോള്‍ തന്റെ കൂടെ പരിചയക്കാര്‍ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ ഒരു സുഹൃത്തിനെ വിളിച്ചപ്പോള്‍ അവര്‍ രണ്ട് ദിവസം അവരുടെ വീട്ടില്‍ താമസിപ്പിച്ചു. അക്രമിയെ പോലീസ് പിടികൂടി. അയാള്‍ തന്നെ അക്രമിക്കും മുമ്പ് രണ്ട് പേരെ കൂടി ആക്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. യുകെയില്‍ ഇപ്പോള്‍ ഇത്തരം അക്രമം ഒരു പതിവാണ്. അയാളുടെ കൈയില്‍ കത്തിയുണ്ടായിരുന്നെങ്കില്‍? 'നൈഫിംഗ്' ഇന്ന് ലണ്ടനില്‍ സാധാരണമാണെന്നും സൗന്ദര്യ മറ്റൊരു വീഡിയോയില്‍ കൂട്ടിച്ചേര്‍ക്കുന്നു.
സംഗതിക്ക് ഇരയാകുന്നതിനേക്കാള്‍ നല്ലത്, നാട്ടിലെ സുരക്ഷിതത്വം തന്നെയാണെന്നും അതിനാല്‍ താന്‍ തിരികെ നാട്ടിലേക്ക് മടങ്ങുകയാണെന്നും സൗന്ദര്യ തന്റെ മൂന്നാമത്തെ വീഡിയോയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് വിവരിക്കുന്ന മൂന്ന് വീഡിയോകളാണ് സൗന്ദര്യ പങ്കുവച്ചത്. വീഡിയോ നിരവധി പേര്‍ കാണുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. 'സുരക്ഷയുടെ കാര്യത്തില്‍ യുകെ താഴേക്കാണ്' ഒരു കാഴ്ചക്കാരന്‍ എഴുതി. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ഐവി ലീഗ് ബിരുദധാരിയും ട്രിച്ചിയിലെ എന്‍ഐടിയില്‍ നിന്നുള്ള സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ സൗന്ദര്യ ബാലസുബ്രമണി ഷാക്കിള്‍സ് (2020), അഡ്മിറ്റ്: ദി മിസ്സിംഗ് ഗൈഡ് ടു ക്രാഫ്റ്റ് എ വിന്നിംഗ് ആപ്ലിക്കേഷന്‍ & സ്റ്റഡി (2023), 1000 ഡേസ് ഓഫ് ലൌ (2024) എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.