വണ്ടി ഓടിക്കുന്നവര്‍ക്ക് സ്ഥിരതയുള്ളതും സുതാര്യവുമായ സേവനം ഉറപ്പു വരുത്താന്‍ ഉദ്ദേശിച്ചു തയാറാക്കിയ ഡ്രൈവിംഗ് നിയമങ്ങള്‍ യുകെയില്‍ നിലവില്‍ വരുന്നു. ഇതു പ്രകാരം നിര്‍ദ്ദിഷ്ട സമയത്തിലും 10 മിനിറ്റ് വരെ കൂടുതല്‍ പാര്‍ക്കിംഗ് ദീര്‍ഘിപ്പിച്ചാലും പിഴ ഒടുക്കേണ്ടി വരില്ല. പത്ത് മിനിറ്റിന് ശേഷമുള്ള സമയത്തിന് മാത്രമെ പിഴ ഈടാക്കുകയുള്ളൂ. ഒക്ടോബര്‍ 1 മുതല്‍ ഇത് നടപ്പിലാക്കാന്‍ ആരംഭിക്കും. 2026 അവസാനമാകുമ്പോഴേക്കും ഇത് പൂര്‍ണ്ണമായും നടപ്പിലാക്കും.
പുതിയ പ്രൈവറ്റ് പാര്‍ക്കിംഗ് സെക്റ്റര്‍ സിംഗിള്‍ കോഡ് ഓഫ് പ്രാക്റ്റീസ് ഔദ്യോഗികമായി തന്നെ ഒക്ടോബറില്‍ നിലവില്‍ വരും. ഇത് വാഹനമുടമകള്‍ക്ക് കാര്യങ്ങള്‍ കുറേക്കൂടി ലളിതമാക്കും എന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് പാര്‍ക്കിംഗ് അസ്സോസിയേഷനും (ബി പി എ) ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് കമ്മ്യൂണിറ്റിയും (ഐ പി സി) ചേര്‍ന്ന് രൂപീകരിക്കുന്ന കോഡ്, പാര്‍ക്കിംഗ് നിലവാരം ഉയര്‍ത്താനും സഹായകമാകും.
സ്വകാര്യ പാര്‍ക്കിംഗ് മേഖലയിലെ നിയമങ്ങള്‍ ഏകീകരിക്കപ്പെടും, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ അപ്പീല്‍ സംവിധാനം എന്നിവയും ഇതിന്റെ ഭാഗമാണ്. സര്‍ക്കാര്‍, ഉപഭോക്തൃ സംഘടനകള്‍, മറ്റുള്ളവര്‍ എന്നിവരൊത്ത്, സുതാര്യവും സുസ്ഥിരവുമായ സേവനം നല്‍കാനായുള്ള തങ്ങളുടെ പരിശ്രമത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണിത് എന്നാണ് ബി പി എ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ പീറ്റര്‍ ഇതേക്കുറിച്ച് പറഞ്ഞത്. |