ശൈത്യകാലത്ത് പകര്‍ച്ച വ്യാധി ഒഴിവാക്കാന്‍ പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ എന്‍എച്ച്എസിന്റെ അഭ്യര്‍ഥന. ആരോഗ്യ മേഖലയിലെ എല്ലാവരും വാക്‌സിന്‍ എടുക്കൂ എന്നാണ് എന്‍എച്ച്എസ് ആഹ്വാനം. രണ്ട് വിന്റര്‍ സീസണുകളിലായി ഇംഗ്ലണ്ടില്‍ ഫ്ളൂവുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 18,000 മരണങ്ങള്‍ സംഭവിച്ചിട്ടുള്ളതായി എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇത് പരിഗണിച്ച് സൗജന്യ വാക്സിനേഷന്‍ നേടാന്‍ അവകാശമുള്ളവര്‍ എത്രയും പെട്ടെന്ന് ഇത് സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് എന്‍എച്ച്എസ് ആവശ്യപ്പെടുന്നു. സൗജന്യ വാക്സിനേഷന്‍ സ്വീകരിച്ച് വിന്ററില്‍ ആശുപത്രികളിലെ സമ്മര്‍ദം കുറയ്ക്കാന്‍ ആണ് എന്‍എച്ച്എസ് ആഹ്വാനം ചെയ്യുന്നത്.
2022-23, 2023-24 വര്‍ഷങ്ങളിലെ ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള കണക്കുകളാണ് ഇത്. ഇതേ കാലയളവില്‍ കോവിഡ് ബാധിച്ച് 19,500-ലേറെ മരണങ്ങള്‍ നടന്നതായും യുകെഎച്ച്എസ്എ കണക്കാക്കുന്നു. കഴിഞ്ഞ രണ്ട് വിന്ററുകളില്‍ 20,000-ഓളം മരണങ്ങള്‍ ഫ്ളൂവുമായി ബന്ധപ്പെട്ട് സംഭവിച്ചുവെന്നത് വൈറസിന്റെ ഗുരുതരാവസ്ഥ ഓര്‍മ്മിപ്പിക്കുന്നുവെന്ന് വാക്സിനേഷന്‍ & സ്‌ക്രീനിംഗ് എന്‍എച്ച്എസ് നാഷണല്‍ ഡയറക്ടര്‍ സ്റ്റീവ് റസല്‍ ചൂണ്ടിക്കാണിച്ചു. |