ലണ്ടന്‍: സര്‍വകലാശാലകളില്‍ കുട്ടികളടയ്ക്കുന്ന ഫീസ് തട്ടിയെടുക്കുന്ന സംഘം ബ്രിട്ടനില്‍ സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍വകലാശാലയില്‍ അടയ്‌ക്കേണ്ട യഥാര്‍ഥ ഫീസിനെക്കേള്‍ കുറഞ്ഞ തുകയയ്ക്ക് ഫീസ് അടച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഫീസ് അടച്ചതിന്റെ രസീത് അടക്കം ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കും. എന്നാല്‍ ഫീസ് അടച്ചില്ലെന്നും കോഴ്‌സ് റദ്ദാകുമെന്നും അറിയിച്ച് സര്‍വ്വകലാശാലയുടെ അറിയിപ്പ് വരുമ്പോഴാണ് പറ്റിക്കപ്പെട്ടതാണെന്ന് ഈ കുട്ടികള്‍ അറിയുക. ക്രെഡിറ്റ് കാര്‍ഡ് വഴിയായിരിക്കും തട്ടിപ്പുകാര്‍ ആദ്യം സര്‍വ്വകലാശാലയില്‍ ഫീസ് അടക്കുക. ഈ ക്രെഡിറ്റ് കാര്‍ഡ് യുകെക്ക് പുറത്തുള്ള ഏതെങ്കിലും രാജ്യങ്ങളില്‍ നിന്നായിരിക്കും. പിന്നീട് ഈ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും പണം നഷ്ടപ്പെട്ടുവെന്നും ഇവര്‍ പരാതി നല്‍കും. അങ്ങനെ സര്‍വ്വകലാശാല അവര്‍ക്ക് പണം തിരിച്ചുനല്‍കും. പണം തിരിച്ചുവാങ്ങുന്നത് അറിയിച്ചുള്ള മെയില്‍ സന്ദേശം കുട്ടികള്‍ക്ക് ലഭിക്കുകയുമില്ല.
അതേസമയം ഈ തട്ടിപ്പില്‍ സര്‍വകലാശാലകള്‍ക്കും പങ്കുണ്ടോയെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. ഇതുപോലെ ഫീസ് അടക്കുകയും അതെല്ലാം റോങ് പെയ്‌മെന്റ് എന്ന് കാണിച്ച് പണം തിരിച്ചുവാങ്ങുകയും ചെയ്യുമ്പോള്‍ ബാങ്കിനോ,സര്‍വ്വകലാശാലക്കോ ഇതില്‍ സംശയം തോന്നാത്തത് സംശയം ജനിപ്പിക്കുന്നു. 50,000 മുതല്‍ 1 ലക്ഷം പൗണ്ടിന്റെ വരെ ഇടപാടുകള്‍ വളരെ നിസാരമായി ക്രെഡിറ്റ്കാര്‍ഡ് വഴി നടത്തുകയും പണം പിന്‍വിലക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.