ലണ്ടന്‍: പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഷാഗോസ് ദ്വീപുകള്‍ മൊറീഷ്യസിന് തിരികെ നല്‍കി ബ്രിട്ടന്‍. ദ്വീപിലെ ബ്രിട്ടന്റെയും അമേരിക്കയുടെയും സംയുക്ത മിലിട്ടറി ബേസായ ഡീഗോ ഗാര്‍സ്യയുടെ നിയന്ത്രണം നിലനിര്‍ത്തിക്കൊണ്ടാണ് കൈമാറ്റ ഉടമ്പടി. ഉടമ്പടിയുടെ വിശദാംശങ്ങള്‍ മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. പുതിയ ഉടമ്പടിയോടെ ഇന്ത്യന്‍ സമുദ്രത്തിലെ അറുപതിലേറെ വരുന്ന ഷാഗോസ് ദ്വീപുകള്‍ ബ്രിട്ടന്റെ പരമാധികാരത്തില്‍നിന്നും മൊറീഷ്യസിന്റെ ഭാഗമായി മാറും. ബ്രിട്ടന്റെയും മൊറീഷ്യസിന്റെയും പ്രധാനമന്ത്രിമാര്‍ ഇന്നലെ സംയുക്തമായാണ് തീരുമാനം പ്രഖ്യാപിച്ചത്.
ദ്വീപുകളുടെ പരമാധികാരം വിട്ടുനല്‍കുമ്പോഴും ഇന്ത്യയ്ക്കും ചൈനയ്ക്കും അടുത്തുള്ള മിലിട്ടറി ബേസ് കാത്തുസൂക്ഷിക്കാന്‍ ബ്രിട്ടന്‍ പ്രത്യേകം ശ്രദ്ധിച്ചു. ബ്രിട്ടിഷ് നാവികസേനയുടെ നിരവധി യുദ്ധക്കപ്പലുകളും ബോംബര്‍ എയര്‍ക്രാഫ്റ്റുകളും ഡീഗോ ഗാര്‍സ്യയിലുണ്ട്. ഇവയെല്ലാം അവിടെത്തന്നെ നിലനിര്‍ത്തും വിധമാണ് ഇടമ്പടി. 99 വര്‍ഷത്തേക്ക് നിലവിലെ സ്ഥിതി തുടരുന്ന വിധമാണ് ഉടമ്പടി വിഭാവനം ചെയ്തിട്ടുള്ളത്.
മൊറീഷ്യസിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹിക ഉന്നമനത്തിനും ഉതകുന്ന സാമ്പത്തിക പാക്കേജും ഉടമ്പടിയുടെ ഭാഗമായുണ്ട്. വലിയൊരു തുക വാര്‍ഷിക പേയ്‌മെന്റ് ഉള്‍പ്പെടെയാണിത്. 1968ല്‍ മൊറീഷ്യസിന് ബ്രട്ടനില്‍നിന്നും സ്വാതന്ത്ര്യം ലഭിച്ചനാള്‍ മുതല്‍ ഷാഗോസ് ദ്വീപുകള്‍കൂടി മൊറീഷ്യസിന് വിട്ടുനല്‍കണമെന്ന ആവശ്യം നിലില്‍ക്കുന്നതാണ്. 2019ല്‍ ഇന്റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഷാഗോസ് ദ്വീപുകള്‍ മൊറീഷ്യസിന് അവകാശപ്പെട്ടതാണെന്ന് വിധിച്ചിരുന്നു. 2021ല്‍ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയും ഇത് ശരിവച്ചു. ഇതോടെയാണ് തുടര്‍ചര്‍ച്ചകളിലൂടെ ദ്വീപിന്റെ കൈമാറ്റത്തിന് ബ്രിട്ടന്‍ തയാറായത്.