കോണ്‍ഗ്രസ്-എന്‍സി സഖ്യം കേവല ഭൂരിപക്ഷത്തിനു വേണ്ട 46 സീറ്റ് മറികടന്നു. 48 സീറ്റുകളില്‍ സഖ്യം വിജയക്കൊടി പാറിച്ചു. 29 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. നാഷണല്‍ കോണ്‍ഫറന്‍സിന്റേതിനു സമാനമായി ജമ്മു കശ്മീരില്‍ ആഴത്തില്‍ വേരുകളുള്ള പിഡിപിക്ക് നേടാനായത് വെറും 3 സീറ്റുകള്‍ മാത്രം. 7 സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമി മിന്നും ജയം നേടി.
ആദ്യഘട്ടത്തില്‍ 24, രണ്ടാം ഘട്ടത്തില്‍ 26, മൂന്നാം ഘട്ടത്തില്‍ 40 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 65.52 ശതമാനത്തേക്കാള്‍ അല്‍പ്പം കുറവായിരുന്നു 63.45 ശതമാനം പോളിങ്.
കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരുമെന്നും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നല്‍കിയ ഉറപ്പിന് ജനം നല്‍കിയ അംഗീകാരമായാണ് വിധി വിലയിരുത്തപ്പെടുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ ശക്തമായ തിരിച്ചുവരവിന് തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചപ്പോള്‍ ഒരുവശത്ത് പിഡിപി തകര്‍ന്നടിയുന്നതാണ് കണ്ടത്. മത്സരിച്ച 56 സീറ്റുകളില്‍ 43 സീറ്റുകളും നാഷണല്‍ കോണ്‍ഫറന്‍സ് നേടി. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ വെറും 15 സീറ്റുകള്‍ മാത്രം നേടിയ സംസ്ഥാന പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ മുന്നേറ്റമാണ്. മത്സരിച്ച ഗാന്ദര്‍ബല്‍, ബഡ്ഗാം മണ്ഡലങ്ങളില്‍ ഒമര്‍ അബ്ദുള്ള വിജയിച്ചു. |