ലണ്ടന്‍: നികുതി വര്‍ധിപ്പിക്കുന്നത് ജനങ്ങള്‍ പ്രതിഷേധിച്ചതോടെ പുതിയ നീക്കവുമായി ചാന്‍സലര്‍. പെന്‍ഷന്‍കാരുടെ ചട്ടിയില്‍ കൈയിട്ട് വാരാനാണ് ഇപ്പോള്‍ നീക്കം.. ടാക്സ് രഹിതമായി എടുക്കാന്‍ കഴിയുന്ന ലംപ്സം തുക മൂന്നില്‍ രണ്ടോളം വെട്ടിക്കുറയ്ക്കാനാണ് ചാന്‍സലറുടെ പദ്ധതി. നിലവില്‍ 55 വയസ്സ് എത്തുമ്പോള്‍ പെന്‍ഷന്‍ സേവിംഗ്സില്‍ നിന്നും 25 ശതമാനം ടാക്സ് രഹിതമായി പിന്‍വലിക്കാന്‍ ഭൂരിപക്ഷം പേര്‍ക്കും സാധിക്കും. എന്നാല്‍ ഈ പരിധി കേവലം 100,000 പൗണ്ടിലേക്ക് പരിമിതപ്പെടുത്താനാണ് ട്രഷറി ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്.
ഇത്തരമൊരു നീക്കം സംഭവിച്ചാല്‍ അത് അഞ്ചിലൊന്ന് വിരമിച്ച ആളുകളെയും ബാധിക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസിന്റെ കണക്കുകൂട്ടല്‍. പെന്‍ഷന്‍ സേവിംഗ്സില്‍ നിന്നും ടാക്സ് ഇല്ലാതെ പിന്‍വലിക്കുന്ന പരമാവധി തുക 1.073 മില്ല്യണ്‍ അലവന്‍സിന്റെ 25 ശതമാനം കണക്കാക്കിയാല്‍ 268,275 പൗണ്ട് വരെ വരും. ഇത് ഏപ്രില്‍ മുതല്‍ മുന്‍ ഗവണ്‍മെന്റ് റദ്ദാക്കിയിരുന്നു. ലേബര്‍ ഗവണ്‍മെന്റ് ഇതില്‍ കൂടുതല്‍ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. നല്ലൊരു ശതമാനം പെന്‍ഷന്‍കാരും ഈ ടാക്സ് രഹിതമായ 25% മുന്നില്‍ കണ്ടാകും വിരമിക്കുന്നതെന്ന് പെന്‍ഷന്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് നിര്‍ത്തലാക്കുന്നത് വലിയ ബഹളത്തിന് ഇടയാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.