തൃശൂര്‍: കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞു. വേണാട്ടുമറ്റം ഗോപാലന്‍കുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞ് ഓടിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു. ആനയെ കുളിപ്പിക്കാനായി വടം അഴിച്ചപ്പോളാണ് ആന ഇടഞ്ഞത്. ഒന്നരക്കിലോമീറ്ററോളം ദുരം ആന ഇടഞ്ഞ് ഓടി. ഇത് ഗ്രാമവാസികളെ പരിഭ്രാന്തരാക്കി. കല്ലുംപുറ, കൊരട്ടിക്കര, കോത്തോളിക്കുന്ന് ഭാഗത്തേക്ക് ഓടിയ ആന പാടത്തേക്ക് ഇറങ്ങി. പൊറവൂര്‍ അമ്പലത്തിന് സമീപം പാടത്തുവച്ച് ആനയെ തളച്ചു.
ആന നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല. ഇടഞ്ഞ് ഓടിയ ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന് പരിക്കേറ്റത്. തുമ്പിക്കൈകൊണ്ടു അടിച്ചുവീഴ്ത്തുകയായിരുന്നു. അദ്ദേഹത്തെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.