ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ നിയമ മാറ്റങ്ങള്‍ക്ക് ഒരുങ്ങി ഡപ്യൂട്ടി പ്രധാനമന്ത്രി ഏഞ്ചെല റെയ്നര്‍. മാറ്റങ്ങള്‍ നടപ്പിലായാല്‍ ഇനി മുതല്‍ പ്രാദേശിക കൗണ്‍സില്‍ അംഗങ്ങള്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സൗകര്യം ഉണ്ടാകും. കൗണ്‍സിലര്‍മാര്‍ക്ക് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് വീട്ടില്‍ ഇരുന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഉണ്ടാവുക. നിലവില്‍ എല്ലാ പ്രാദേശിക കൗണ്‍സിലര്‍മാരും മിക്ക യോഗങ്ങളിലും നേരിട്ട് പങ്കെടുക്കണമെന്നാണ് നിയമം. എന്നാല്‍ കോവിഡ് പാന്‍ഡെമിക് സമയത്ത് യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കണമെന്ന നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഈ നിയമ മാറ്റം 2021 മെയ് 6 ന് പിന്‍വലിച്ചു. കുട്ടികളുടെ സംരക്ഷണത്തിനോ ആരോഗ്യപരമായ കാരണങ്ങളാലോ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് നിയമമാറ്റം ഉപകാരപ്രദമാണ്.
കൗണ്‍സിലര്‍മാര്‍ അവരുടെ വീട്ടുവിലാസങ്ങള്‍ പരസ്യമാക്കേണ്ടതില്ലെന്ന നിയമവും നടപ്പിലാകുമെന്ന് ഏഞ്ചെല റെയ്നര്‍ സ്ഥിരീകരിച്ചു. ജീവിതത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് പ്രാദേശിക ജനാധിപത്യത്തില്‍ പങ്കാളിത്തം സാധ്യമാക്കുകയാണ് നിയമമാറ്റങ്ങളുടെ പ്രധാന ലക്ഷ്യം. വൈറ്റ്ഹാളിലെ സിവില്‍ സര്‍വീസുകാര്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ ജോലി ചെയ്യണമെന്ന നിയമമാറ്റത്തിനു ശേഷമാണ് കൗണ്‍സിലര്‍മാരുടെ നിയമങ്ങളില്‍ മാറ്റം വരുന്നതെന്ന പ്രത്യേകതയുമുണ്ട്. മോശം പെരുമാറ്റത്തിന് പ്രാദേശിക കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കൗണ്‍സിലുകളെ അനുവദിക്കുമെന്ന് ഹൗസിങ്, കമ്മ്യൂണിറ്റികള്‍, ലോക്കല്‍ ഗവണ്‍മെന്റ് എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഏഞ്ചെല റെയ്‌നര്‍ പറഞ്ഞു. കൗണ്‍സിലുകള്‍ക്ക് മള്‍ട്ടി ഇയര്‍ ഫണ്ടിങ് സെറ്റില്‍മെന്റുകള്‍ നല്‍കുന്നതിലേക്ക് ഗവണ്മെന്റ് മടങ്ങുമെന്നും ഏഞ്ചെല റെയ്‌നര്‍ വ്യക്തമാക്കി.ഗവണ്മെന്റ് ഗ്രാന്റുകള്‍ക്കായി പ്രാദേശിക അധികാരികള്‍ പരസ്പരം മത്സരിക്കുന്നത് അവസാനിപ്പിക്കുമെന്നും ഏഞ്ചെല റെയ്‌നര്‍ അറിയിച്ചു. ഹാരോഗേറ്റില്‍ നടന്ന ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ (എല്‍ജിഎ) വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഉപപ്രധാനമന്ത്രി ഏഞ്ചെല റെയ്നര്‍ സര്‍ക്കാര്‍ നയങ്ങള്‍ വ്യക്തമാക്കിയത്. കൗണ്‍സിലര്‍മാരുടെ കാലഹരണപ്പെട്ട നിയമമാറ്റത്തിനായി പാരിഷ് കൗണ്‍സില്‍ ഓഫീസര്‍ ജാക്കി വീവര്‍ നടത്തിയ ക്യാംപയിനുകള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.