കവന്‍ട്രി: എറണാകുളം പനമ്പള്ളിനഗര്‍ മോഡല്‍ കൊലപാതകത്തില്‍ മലേഷ്യന്‍ വിദ്യാര്‍ഥിനിക്ക് 17 വര്‍ഷം തടവ് ശിക്ഷ വിധിച്ച് വാര്‍വിക്ക് കോടതി. യുകെയിലെ കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയായ ജിയ സിന്‍ ടിയോ (22) ആണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷക്കപ്പെട്ടിരിക്കുന്നത്. അവിവാഹിതയായ യുവതി താന്‍ പ്രസവിച്ച വിവരം പുറത്ത് അറിഞ്ഞാല്‍ പഠനം മുടങ്ങുമെന്ന് ഭയന്നിരുന്നു. മലേഷ്യയിലുള്ള കുടുംബത്തെ ഇക്കാര്യം അറിയിക്കുന്നതിനും യുവതിക്ക് ഭയമുണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ജിയ തന്റെ ഫ്‌ലാറ്റില്‍ വച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനായി പ്ലാസ്റ്റിക്ക് കവറിലാക്കി. തുടര്‍ന്ന് ഈ പ്ലാസ്റ്റിക്ക് കവര്‍ ഒരു സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു. ഈ സ്യൂട്ട്കേസ് യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥത തോന്നിയപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് മറ്റുള്ളവര്‍ നിര്‍ദേശിച്ചെങ്കിലും യുവതി ആദ്യം ഇത് അവഗണിച്ചു. പിന്നീട് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പ്രസവ വിവരം അന്വേഷിച്ചെങ്കിലും യുവതി നിഷേധിച്ചു. വിവരം അറിഞ്ഞ് എത്തിയ പൊലീസിനോടും യുവതി ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് യുവതിയുടെ ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത് കുഞ്ഞിനെ കൊല്ലാനോ ഉപദ്രവിക്കാനോ പറയുന്ന അജ്ഞാത ശബ്ദങ്ങള്‍ താന്‍ കേട്ടിരുന്നതായി ജിയ സിന്‍ ടിയോ കോടതിയില്‍ അവകാശപ്പെട്ടു. ഈ അവകാശവാദം കോടതി തള്ളികളഞ്ഞു. യുവതി ഗര്‍ഭിണിയായ നിലയിലാണ് യുകെയിലെത്തിയത്. ഇക്കാര്യം യുവതി മറ്റുള്ളവരില്‍ നിന്ന് മറച്ചുവച്ചതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി
അതേസമയം, ഇക്കഴിഞ്ഞ മേയ് മൂന്നിനാണ് എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് സംഭവത്തില്‍ അവിവാഹിതയായ യുവതിയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാര്‍ട്ട്‌മെന്റിലെ ഒരു ഫ്‌ലാറ്റിലെ കുളിമുറിയില്‍ രക്തക്കറ കണ്ടെത്തിയതാണ് ഈ കേസില്‍ നിര്‍ണായകമായത്. മകള്‍ ഗര്‍ഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല.