ലണ്ടന്‍: ലേബര്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിന് കാതോര്‍ത്തിരിക്കുകയാണ് ബ്രിട്ടന്‍. ബുധനാഴ്ചയാണ് കിയേര്‍ സ്റ്റാമെറിന്റെ നേതൃത്വത്തിലുള്ള പുതിയ ലേബര്‍ സര്‍ക്കാരിന്റെ ബജറ്റ്. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാന്‍സിലര്‍ റെയ്ച്ചല്‍ റീവ്‌സ് നികുതി വര്‍ധനകള്‍ ഒഴിവാക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. അധികാരത്തിലെത്തിയാന്‍ ഇന്‍കം ടാക്‌സ്, നാഷനല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ധിപ്പിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി മാനിഫെസ്റ്റോയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അധികാരം ഏറ്റയുടന്‍ 22 ബില്യന്‍ പൗണ്ടിന്റെ ബ്ലാക്ക്‌ഹോള്‍ തീര്‍ത്താണ് ടോറി സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞതെന്ന് പ്രഖ്യാപിച്ച്, കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയത്. ഇത് മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കുമോ എന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നുണ്ട്.
പ്രത്യക്ഷമായ നികുതി വര്‍ധനയ്ക്കു പകരം അസെറ്റ് ടാക്‌സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് എന്നിവയില്‍ കാതലായ മാറ്റങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു. തൊഴിലാളികളുടെ നാഷനല്‍ ഇന്‍ഷുറന്‍സ് വിഹിതത്തില്‍ മാറ്റങ്ങള്‍ വരുത്താതെ തൊഴിലുടമകള്‍ നല്‍കുന്ന വിഹിതത്തില്‍ വര്‍ധന വരുത്താനാണ് തീരുമാനം. 20 ബില്യന്‍ പൗണ്ട് ഇത്തരത്തില്‍ സമാഹകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പരോക്ഷമായി തൊഴിലാളികളെ തന്നെ ബാധിക്കും. പല വലിയ സ്ഥാപനങ്ങളും തൊഴിലാളികളുടെ എണ്ണം കുറച്ചാകും ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുക. നികുതി വര്‍ധനയ്‌ക്കൊപ്പം 40 ബില്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കലും ബജറ്റിന്റെ പ്രഖ്യാപനങ്ങളില്‍ ഉണ്ടാകും. ബുധനാഴ്ച പന്ത്രണ്ടരയ്ക്കാണ് 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ലേബര്‍ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. മുന്‍ ചാന്‍സിലര്‍ കൂടിയായ പ്രതിപക്ഷ നേതാവ് ഋഷി സുനക് തുടര്‍ന്ന് ബജറ്റിനോട് പ്രതികരിച്ച് പ്രസംഗിക്കും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഋഷിയുടെ അവസാനത്തെ പ്രസംഗമാകും ഇത്. നവംബര്‍ രണ്ടിന് തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ടോറി നേതാവാകും പിന്നീട് പ്രതിപക്ഷ നേതാവ്.