അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനൊപ്പം 50,000 രൂപ പിഴയൊടുക്കണം. പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ആര്‍. വിനായക റാവു ആണ് വിധി പറഞ്ഞത്. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി. അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി ഈ മാസം 25-ന് പ്രഖ്യാപിച്ചിരുന്നു.
കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള ഇരുവരുടെയും വിവാഹം. പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായി. അന്ന് സ്റ്റേഷനില്‍ വെച്ച് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ മകളുടെ മുഖത്ത് നോക്കി 90 ദിവസത്തിനുളളില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. കൃത്യം 88 -ാം ദിവസം അച്ഛനും അമ്മാവന്‍ സുരേഷും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തി.
2020 ക്രിസ്മസ് ദിനത്തിലായിരുന്നു ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കേസില്‍ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്.
പെയിന്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി ഹരിത വീട് വിട്ടിറങ്ങുകയായിരുന്നു. ഇതിനു ശേഷം അനീഷിന് നിരന്തരം ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ജാതി വ്യത്യാസത്തിന്റെ പേരില്‍ ഇരുവരേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
പരസ്യം ചെയ്യല്‍ |