ശിവഗിരി: ശ്രീനാരായണഗുരു ആലുവയില്‍ നടത്തിയ സര്‍വമതസമ്മേളനത്തിന്റെ ശതാബ്ദി പ്രമാണിച്ച് ശിവഗിരിമഠത്തിന്റെ നേതൃത്വത്തില്‍ വത്തിക്കാന്‍, ഡല്‍ഹി, ചെന്നൈ, ലണ്ടന്‍ എന്നിവിടങ്ങളില്‍ ലോക മത പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കും. വിവിധ ഗുരുദേവപ്രസ്ഥാനങ്ങളുടെയും സാമൂഹികസംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന സമ്മേളനങ്ങളില്‍ ലോകരാജ്യങ്ങളിലെ മതപ്രതിനിധികളും ശിവഗിരിമഠത്തിലെ സന്ന്യാസിശ്രേഷ്ഠരും പങ്കെടുക്കും.
നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ വത്തിക്കാനില്‍ നടക്കുന്ന ലോക മത പാര്‍ലമെന്റില്‍ മാര്‍പാപ്പ പങ്കെടുക്കും. ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം മതനേതാക്കന്മാരും വിവിധ ശ്രീനാരായണപ്രസ്ഥാനങ്ങളുടെ നേതാക്കന്മാരുമായ 150 പ്രതിനിധികള്‍ വത്തിക്കാന്‍ സമ്മേളനത്തില്‍ ഇന്ത്യയില്‍നിന്നു പങ്കെടുക്കും. നവംബര്‍ 29-ന് മതസമന്വയ സൗഹൃദസംഗമം ഉണ്ടാകും. 30-ന് മാര്‍പാപ്പ പങ്കെടുക്കുന്ന മതസമ്മേളനം നടക്കും. പ്രതിനിധികള്‍ക്ക് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിനും അനുഗ്രഹംനേടുന്നതിനും അവസരമൊരുക്കും. ഡിസംബര്‍ ഒന്നിന് റോമിലെ വിവിധ മതപ്രസ്ഥാനങ്ങളുടെയും ശ്രീനാരായണ സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന സ്‌നേഹസംഗമം നടക്കും.
ശിവഗിരി തീര്‍ഥാടന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2007-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക മത പാര്‍ലമെന്റിന്റെ ചുവടുപിടിച്ചാണ് ഡല്‍ഹിയില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ എട്ടിന് സമ്മേളനത്തിനു തുടക്കമാകും. ചെന്നൈയില്‍ 2025 ഫെബ്രുവരിയില്‍ സമ്മേളനം സംഘടിപ്പിക്കും. ലണ്ടനില്‍ ശിവഗിരി ആശ്രമം ഓഫ് യു.കെ. ആശ്രമത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് അവസാനം ലോക മത പാര്‍ലമെന്റ് നടക്കും.