ലണ്ടന്‍: ബ്രിട്ടനില്‍ ഏപ്രില്‍ ഒന്നു മുതല്‍ മിനിമം വേതനം ഉയര്‍ത്തുമെന്ന് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ്. 21 വയസ്സ് പൂര്‍ത്തിയായവരുടെ മിനിമം വേതനം മണിക്കൂറിന് 12.21 പൗണ്ടായാണ് ഉയര്‍ത്തുന്നത്. ഇതിന് ആനുപാതികമായി 18 വയസ്സ് മുതല്‍ 20 വയസ്സുവരെയുള്ളവരുടെയും അപ്രന്റീസിന്റെയും വേതനത്തിലും വര്‍ധനയുണ്ടാകും. ഇന്നത്തെ ബജറ്റില്‍ ഇതുസംബന്ധിച്ച കൃത്യമായ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും. നിലവില്‍ മണിക്കൂറിന് 11.44 പൗണ്ടാണ് നാഷനല്‍ ലിവിങ് വേജ്.
ഇതില്‍ 6.7 ശതമാനം വര്‍ധന വരുത്തിയാണ് 12.21 പൗണ്ടാക്കുന്നത്. നേരത്തെ 10.42 പൗണ്ടായിരുന്ന മിനിമം വേതനം കഴിഞ്ഞ ഏപ്രിലിലാണ് 11.44 പൗണ്ടാക്കിയത്. ഇതാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ത്തുന്നത്. 18നും 20നും മധ്യേ പ്രായമുള്ളവര്‍ക്ക് നിലവില്‍ ലഭിക്കുന്ന മിനിമം വേതനം 8.60 പൗണ്ട് മണിക്കൂറിന് 10 പൗണ്ടായി വര്‍ധിപ്പിക്കും. അപ്രന്റീസിന് ലഭിക്കുന്ന 6.40 മിനിമം വേതനം 7.55 പൗണ്ടായും ഉയര്‍ത്തും. മിനിമം വേതനത്തിന് ജോലി ചെയ്യുന്ന രാജ്യത്തെ ദശലക്ഷക്കണക്കിന് സാധാരണ ജോലിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമാണിത്.