ലണ്ടന്‍: യുകെയില്‍ ഓണ്‍ലൈന്‍ വഴി വ്യാജ മരുന്നുകള്‍ കഴിച്ചത് വഴി നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായെന്നു റിപ്പോര്‍ട്ട്. ഇത്തരം മരുന്നുകളില്‍ നിറ്റാസെന്‍സ് പോലുള്ള മാരകമായ സിന്തറ്റിക് ഒപിയോയിഡുകള്‍ അടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഹെറോയിനെക്കാളും ഫെന്റനൈലിനേക്കാളും ശക്തിയേറിയ മയക്ക് മരുന്നാണ്. ഉറക്ക പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികള്‍ വാങ്ങിയ ഡയസെപാം പോലുള്ള നിയമാനുസൃത മരുന്നുകളിലാണ് ഇത് കണ്ടെത്തിയത്. നാഷണല്‍ ക്രൈം ഏജന്‍സിയുടെ കണക്കനുസരിച്ച്, പ്രതിവര്‍ഷം 278 പേര്‍ വ്യാജ മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്ന് മരിക്കുന്നു.
യുകെയിലെ ദേശീയ ഡ്രഗ് പരിശോധന സേവനമായ വെഡിനോസിന്റെ റിപ്പോര്‍ട്ട് പ്രകാരം, വിപണിയില്‍ ലഭ്യമാകുന്ന ബെന്‍സോഡിയാസെപൈന്‍സ്, സ്ലീപ്പ് എയ്ഡ്‌സ്, കൂടാതെ പ്രോമെതസൈന്‍ പോലുള്ള അലര്‍ജി മരുന്നുകള്‍ എന്നിവയുടെ വ്യാജ മരുന്നുകളില്‍ നിറ്റാസീനുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ മാരകമായ അപകടസാധ്യതകളെ കുറിച്ച് അറിയാതെ, കുറിപ്പടികള്‍ ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ വ്യാജ ഉത്പന്നങ്ങളിലേക്ക് ആളുകള്‍ തിരിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സിന്തറ്റിക് ഒപിയോയിഡുകളുടെ വര്‍ദ്ധനവിനെ പ്രതിരോധിക്കാന്‍, യുകെ ഗവണ്‍മെന്റ് അടുത്തിടെ നിറ്റാസെനുകള്‍ ഉള്‍പ്പെടെയുള്ള ഈ പദാര്‍ത്ഥങ്ങളില്‍ പലതും ക്ലാസ് എ മരുന്നുകളായി പുനര്‍വര്‍ഗ്ഗീകരിച്ചിരുന്നു. ഇവ പിടിക്കപ്പെടുന്നവര്‍ക്ക് കഠിന ശിക്ഷ ലഭിക്കും.