ദീപാവലി ഐതിഹ്യം:
ഹൈന്ദവ വിശ്വാസപ്രകാരം പാലാഴിയില്‍ നിന്നുള്ള മഹാലക്ഷ്മിയുടെ അവതാര ദിവസമായി ദീപാവലി കണക്കപ്പെടുന്നു. സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകുവാന്‍ ഭക്തര്‍, പ്രത്യേകിച്ച് വ്യാപാരികളും ബിസിനസ്‌കാരും വീടുകളിലും സ്ഥാപനങ്ങളിലും സമ്പത്തിന്റെ ഭഗവതിയായ ധനലക്ഷ്മിയെ പൂജിക്കുന്ന സമയം കൂടിയാണ് ദീപാവലി. അതിനാല്‍ ലക്ഷ്മി പൂജ എന്ന പേരിലും ദീപാവലി അറിയപ്പെടുന്നു. ബംഗാളില്‍ ദീപാവലി കാളി പൂജയായി ആഘോഷിക്കപ്പെടുന്നു. അമാവാസി ദിവസം കൂടിയായ ദീപാവലി ഭദ്രകാളി പ്രധാനമാണ് എന്നാണ് വിശ്വാസം. ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും ഔഷധത്തിന്റെയും മൂര്‍ത്തിയായ ഭഗവാന്‍ ധന്വന്തരി അമൃത കലശവുമായി അവതരിച്ച ദിവസമായ ധന ത്രയോദശി (ധന്‍തേരസ് ധന്വന്തരി ജയന്തി) ആണ് അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ദീപാവലി ആഘോഷത്തിന്റെ തുടക്കം. വടക്കേ ഇന്ത്യയില്‍ ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചു എത്തിയ ദിവസമായും ആചരിക്കുന്നു.
കേരളത്തില്‍, ഭഗവാന്‍ കൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സ്മരണയ്ക്കായും, മഹാലക്ഷ്മിയുടെ അവതാര ദിവസമായും ദീപാവലി ആഘോഷിക്കപ്പെടുന്നു. അതിനാല്‍ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഭഗവതി ക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് ഗുരുവായൂര്‍, അമ്പലപ്പുഴ, ചോറ്റാനിക്കര, ആറ്റുകാല്‍, കൊല്ലൂര്‍ മൂകാംബിക തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസം കൂടിയാണ് ദീപാവലി. ഭഗവതി ക്ഷേത്രങ്ങളില്‍ ഈ ദിവസം ദേവിയെ ധനലക്ഷ്മി ഭാവത്തില്‍ ആരാധിക്കുന്നു. |