ലണ്ടന്‍: ലേബര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റില്‍ തൊഴിലാളികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും കനത്ത പ്രഹരം. തൊഴില്‍ ദാതാക്കള്‍ക്ക് ദേശീയ ഇന്‍ഷുറന്‍സ് വര്‍ധനയുടെ അധികഭാരം ഏറ്റെടുക്കേണ്ടി വരും. ഇതിലൂടെ സര്‍ക്കാര്‍ 25 ബില്യന്റെ അധിക വിഭവസമാഹരണമാണ് ലക്ഷ്യമിടുന്നത്. ഇതിനെ നേരിടാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. ഇതോടെ ബജറ്റ് പരോക്ഷമായി തൊഴിലാളി സമൂഹത്തിന് തിരിച്ചടിയാകുമെന്ന് വിമര്‍ശനം ശക്തമായി. ഇത് തൊഴില്‍ തേടി ബ്രിട്ടനില്‍ എത്തുന്നവരെയും പ്രതികൂലമായി ബാധിച്ചേക്കും.
ഏപ്രില്‍ ഒന്നു മുതല്‍ തൊഴില്‍ സ്ഥാപനങ്ങള്‍ അയ്യായിരം പൗണ്ടിനു മുകളിലുള്ള ശമ്പളത്തിന് 15 ശതമാനവും 9,100 പൗണ്ടിനു മുകളിലുള്ള ശമ്പളത്തിന് 13.8 ശതമാനവും വീതം ദേശീയ ഇന്‍ഷുറന്‍സ് വിഹിതം നല്‍കണം. ഇത്തരത്തില്‍ 25 ബില്യന്‍ പൗണ്ട് അധികമായി ഓരോ വര്‍ഷവും കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ദേശീയ ഇന്‍ഷുറന്‍സില്‍ അനുവദിച്ചിരുന്ന എംപ്ലോയ്‌മെന്റ് അലവന്‍സ് അയ്യായിരം പൗണ്ടില്‍ നിന്നും 10,500 ആയി ഉയര്‍ത്താനും തീരുമാനിച്ചു.
കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് 20ല്‍നിന്നും 24 ശതമാനമായി വര്‍ധിപ്പിച്ചു. പ്രൈവറ്റ് സ്‌കൂള്‍ ഫീസിന് 2025 മുതല്‍ വാറ്റ് ബാധകമാക്കും. പ്രൈവറ്റ് ജെറ്റ് യാത്രകള്‍ക്ക് 50 ശതമാനം നികുതി വര്‍ധിക്കും. വേപ്പിങ് ലിക്വിഡിന് 2026 മുതല്‍ 10 മില്ലിക്ക് 2.20 പൗണ്ട് എന്ന തോതില്‍ പുതിയ ടാക്‌സ് ഏര്‍പ്പെടുത്തും. സിഗരറ്റിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും നികുതിയിലും വര്‍ധന പ്രഖ്യാപിച്ചു. രണ്ടാം വീടിന് സ്റ്റാംപ് ഡ്യൂട്ടി ലാന്‍ഡ് ടാക്‌സ് സര്‍ ചാര്‍ജ് രണ്ട് ശതമാനം വര്‍ധിക്കും. അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കാനും, എന്‍.എച്ച്.എസ്. അപ്പോയ്ന്റ്‌മെന്റുകള്‍ വര്‍ധിപ്പിക്കാനും പുതിയ വീടുകള്‍ക്കും കൂടുതല്‍ പണം അനുവദിച്ചു. എന്‍.എച്ച്. എസ് ഫ്രണ്ട് ലൈന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 22 ബില്യനും കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും നവീകരണത്തിന് മൂന്നു ബില്യനുമാണ് ബജറ്റില്‍ മാറ്റിവച്ചത്.
ഇംഗ്ലണ്ടില്‍ സിംഗിള്‍ ബസ് യാത്രകള്‍ക്കുണ്ടായിരുന്ന രണ്ട് പൗണ്ടിന്റെ ക്യാപ് ജനുവരി മുതല്‍ മൂന്ന് പൗണ്ടായി ഉയര്‍ത്തും. ഡിഫന്‍സ് ബജറ്റില്‍ അടുത്തവര്‍ഷത്തേക്ക് 2.9 ബില്യന്റെ വര്‍ധന വരുത്തിയപ്പോള്‍ ഹോം ഓഫിസ് ബജറ്റില്‍ 3.1 ശതമാനത്തിന്റെ കുറവാണ് പ്രഖ്യാപിച്ചത്. ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് 1.3 ബില്യന്‍ പൗണ്ട് ബജറ്റില്‍ അധികമായി നല്‍കുന്നുണ്ട്. ജോലിക്കും ബിസിനസിനും സേവിങ്‌സിനും എല്ലാം നികുതി ഏര്‍പ്പെടുത്തിയ ലേബര്‍ സര്‍ക്കാര്‍ വാഗ്ദാനലംഘനം നടത്തുക മാത്രമല്ല, സാമ്പത്തിക വളര്‍ച്ചക്ക് തടസം സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ഋഷി സുനക് കുറ്റപ്പെടുത്തി. ബജറ്റിനോടുള്ള പ്രതികരണത്തോടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഋഷിയുടെ കടമകള്‍ പൂര്‍ത്തിയായി. ബജറ്റിന്മേല്‍ അടുത്തയാഴ്ച വിശദമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ടോറി പാര്‍ട്ടിയുടെ പുതിയ നേതാവാകും പ്രതിപക്ഷ നേതാവായി എത്തുക.