ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ വീട് കൊള്ളയടിച്ചു. ഒക്ടോബര്‍ 17നായിരുന്നു സംഭവം. ബെന്‍ സ്റ്റോക്‌സ് തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്. ടെസ്റ്റ് പരമ്പരക്കായി പാകിസ്താനിലായിരുന്നു ബെന്‍ സ്റ്റോക്‌സ്. വീട്ടില്‍ ഭാര്യ ക്ലെയര്‍, മക്കളായ ലെയ്ട്ടന്‍, ലിബ്ബി എന്നിവരാണ് ഉണ്ടായിരുന്നത്. വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി. ഭാര്യയും മക്കളും ഉപദ്രവിക്കപ്പെട്ടിട്ടില്ല. മോഷ്ടാക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് സ്റ്റോക്‌സ് സമൂഹമാധ്യമങ്ങളില്‍ നടത്തിയ അഭ്യര്‍ഥനയില്‍ പറഞ്ഞു.
ഡര്‍ഹാം കൗണ്ടിയിലെ കാസില്‍ ഈഡനിലെ എന്റെ വീട്ടില്‍ ഒക്ടോബര്‍ 17ന് ഒരുകൂട്ടം മുഖംമൂടിധാരികള്‍ അതിക്രമിച്ച് കയറി. അവര്‍ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു. അവയില്‍ പലതും എനിക്കും കുടുംബത്തിനും ഏറെ വൈകാരികമായ അടുപ്പമുള്ള വസ്തുക്കളാണ്. അത് പകരംവെക്കാന്‍ സാധിക്കാത്തവയുമാണ്. ഈ കൃത്യം നടത്തിയവരെ കണ്ടെത്താന്‍ വേണ്ടിയാണ് അഭ്യര്‍ഥിക്കുന്നത്' -ബെന്‍ സ്റ്റോക്‌സ് പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാര്‍ ബെന്‍ സ്റ്റോക്‌സിന് നല്‍കിയ ബഹുമതി, ലോകകപ്പ് വിജയത്തിന്റെ ബഹുമതി തുടങ്ങിയവ മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടുണ്ട്. ഇവയുടെ ചിത്രങ്ങളും സ്റ്റോക്‌സ് പങ്കുവെച്ചിട്ടുണ്ട്.