കൊച്ചി: മുനമ്പം ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍. മുനമ്പത്തു നിന്നും ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. വിഷയത്തില്‍ കോടതി തീരുമാനിക്കട്ടെ. വഖഫിന്റെ പ്രവര്‍ത്തനത്തിന് നിയമമുണ്ട്. അതനുസരിച്ച് മുന്നോട്ടു പോകും. വഖഫ് ബോര്‍ഡ് അര്‍ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് കോടതികളിലും ബോര്‍ഡിലുമെല്ലാം പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ആ പരിശോധനയുടെ അന്തിമ ഫലം എന്താണോ അതിനനുസരിച്ചാകും ബോര്‍ഡ് പ്രവര്‍ത്തിക്കുകയെന്ന് എം കെ സക്കീര്‍ പറഞ്ഞു. ഇന്നോ നാളെയോ കുടിയിറക്കുക എന്ന തീരുമാനത്തിലൊന്നുമല്ല വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. 12 വീട്ടുകാര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇവര്‍ക്ക് അവരുടെ വാദം ഉന്നയിക്കാന്‍ അനുവാദമുണ്ട്. അവര്‍ക്ക് രേഖകള്‍ ഹാജരാക്കാം. ബാക്കിയുള്ളവര്‍ക്കും അപേക്ഷകള്‍ നല്‍കാവുന്നതാണ്. കിട്ടിയ വിവരങ്ങള്‍ അനുസരിച്ചാണ് ആ 12 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇന്നത്തെ ബോര്‍ഡ് യോഗത്തില്‍ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യില്ലെന്നും എം കെ സക്കീര്‍ വ്യക്തമാക്കി.
1950 ലെ വഖഫ് ആധാരത്തില്‍ വരുന്ന 400 ല്‍പരം ഭൂമിയാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ള വസ്തു. വഖഫ് ആയിക്കഴിഞ്ഞാല്‍, വഖഫ് ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ഈ വസ്തു സംരക്ഷിക്കാനുള്ള ചുമതലയാണ് നിയമത്തില്‍ പറഞ്ഞിട്ടുള്ളത്. അതുപ്രകാരമുള്ള പ്രവൃത്തികളാണ് വഖഫ് ചെയ്യുന്നത്. അതുപ്രകാരം ഏതെല്ലാം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നതു പരിശോധിച്ചിട്ടുള്ള നടപടികളാണ് നടത്തുന്നത്. വസ്തു ഫറൂഖ് കോളജിന്റെ പേരിലാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി, മതം അനുശാസിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അതിന്റെ വരുമാനം ഉപയോഗിക്കുന്ന രൂപത്തിലാണ് വഖഫ് ചെയ്തിട്ടുള്ളത്. ഇതിനകത്ത് 1962 ല്‍ പറവൂര്‍ സബ് കോടതി മുതലുള്ള കേസുകളുണ്ട്. ആ കാലഘട്ടത്തില്‍ ഏതാണ്ട് ആറോ ഏഴോ കുടിയാന്മാര്‍ അവിടെ താമസിച്ചിരുന്നു.
2019 ല്‍ നിസാര്‍ കമ്മീഷനെ തുടര്‍ന്ന് ഈ വസ്തുക്കളെ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ മാത്രമേ വഖഫ് ബോര്‍ഡിന് അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാകൂ. രജിസ്റ്റര്‍ ചെയ്യാതെ മാറി നില്‍ക്കുന്നത് വഖഫ് ബോര്‍ഡിന്റെ സ്വത്തു സംരക്ഷണത്തോടു ചെയ്യുന്ന അനീതിയാണ്. വഖഫിന് മുമ്പാകെ രജിസ്റ്റര്‍ ചെയ്തശേഷം, 1950 ന് ശേഷം ആരെങ്കിലും അതിനകത്തുണ്ടെങ്കില്‍ അവര്‍ക്ക് നോട്ടീസ് അയക്കണം. ഏതാണ്ട് 12 ഓളം പേര്‍ക്ക് നോട്ടീസ് അയച്ചിട്ട് അവരുടെ വാദം കേട്ടുകൊണ്ടിരിക്കുന്ന നടപടിയാണ് ഇപ്പോഴുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയുലും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഏതെല്ലാം അവകാശമാണ് ശരി, തെറ്റ് എന്നെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ട്. നിയമപ്രകാരം സ്ഥാപിതമായ സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. നിലവിലെ ചര്‍ച്ചകളുടെ സമ്മര്‍ദ്ദഫലമായി പെട്ടെന്ന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. ആരെയും കുടിയൊഴിപ്പിക്കാനോ, ഇല്ലാത്ത അവകാശം സ്ഥാപിക്കാനോ അല്ല ശ്രമിക്കുന്നത്. വഖഫ് സ്വത്താണെങ്കില്‍ ഉള്ള അവകാശം നോട്ടു ചെയ്യും, ഇല്ലാത്തതെങ്കില്‍ അത് അവകാശപ്പെട്ടവര്‍ക്ക് കൊടുക്കും. ഒരിക്കലും സാമുദായിക സംഘര്‍ഷത്തിനോ മറ്റു വിഷയങ്ങള്‍ക്കോ അല്ല വഖഫ് ബോര്‍ഡ് നിലപാട് എടുത്തതെന്നും എം കെ സക്കീര്‍ പറഞ്ഞു.
കേരളത്തില്‍ വഖഫ് സ്വത്തുക്കള്‍ പലയിടത്തുമുണ്ട്. അതിനകത്ത് പലരും ഇപ്പോള്‍ കയ്യേറിയിട്ടുണ്ടാകാം. ആധാരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാകാം. ആ ആധാരങ്ങല്‍ ശരിയാണോയെന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ. സംസ്ഥാനത്തെ മൊത്തം വഖഫ് സ്വത്തുക്കളെ സംബന്ധിച്ചിടത്തോളം ഒരു തുടക്കമാണിത്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടണമെന്ന നിയമപരമായ ബാധ്യതയാണ് വഖഫ് ബോര്‍ഡ് ചെയ്യുന്നത്. അന്തിമമായി നിയമം അനുശാസിക്കുന്നത് അനുസരിച്ച് തീരുമാനമെടുക്കട്ടെ. വഖഫ് ബോര്‍ഡിന്റെ ഒരു ഉദ്യോഗസ്ഥരും ആ സ്ഥലത്തെത്തി സ്പോട്ട് എന്‍ക്വയറി നടത്തിയിട്ടില്ലെന്നും എം കെ സക്കീര്‍ വ്യക്തമാക്കി.