കലുഷിതമായ നാല് വര്‍ഷങ്ങളാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് കമല നയിച്ചത്. മധ്യ അമേരിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ചുമതലയായിരുന്നു കമല ഹാരിസിന് മുഖ്യമായും ലഭിച്ചത്. എന്നാല്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്വാതന്ത്ര്യമില്ലായ്മ പലപ്പോഴും പിന്നോട്ടടിച്ചു. മധ്യേഷ്യന്‍ സംഘര്‍ഷങ്ങളുടെ പേരില്‍ പലപ്പോഴും പ്രതിക്കൂട്ടില്‍ നിന്നത് കമലയുടെ പ്രതിച്ഛായക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. യുക്രൈന്‍- റഷ്യ യുദ്ധവും നിയന്ത്രിക്കാനാവാത്തതും തിരിച്ചടിയായി.
വാശിയേറിയ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഡൊണള്‍ഡ് ട്രംപിനെ വിറപ്പിച്ചാണ് കമല ഹാരിസ് കീഴടങ്ങുന്നത്.
ഭരണത്തുടര്‍ച്ചക്കായി വീണ്ടും കച്ച കെട്ടിയ ജോ ബൈഡന്‍ ആദ്യ സംവാദത്തിലെ കനത്ത പരാജയത്തെ തുടര്‍ന്ന് പിന്മാറിയപ്പോള്‍ നറുക്ക് വീണത് കമല ഹാരിസിനായിരുന്നു. ഏകപക്ഷീയമായ വിജയം സ്വപ്നം കണ്ടിരുന്ന ട്രംപിന് കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായി. പിന്നീട് കളമൊരുങ്ങിയത് അമേരിക്ക കണ്ട ഏറ്റവും വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിനാണ്.
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമെന്ന നിലയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണം എത്തിക്കാന്‍ ട്രംപിന് സാധിച്ചു. സ്ത്രീയെന്നതും, ന്യൂനപക്ഷമെന്നതും തിരിച്ചടിച്ചു. ഡെമോക്രറ്റുകള്‍ക്ക് വോട്ട് ചെയ്യുന്ന കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ കമലക്ക് ജനപ്രീതി കുറഞ്ഞിരുന്നു. |