വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കലാപരിപാടികള്‍ ആരംഭിച്ചു. ചെണ്ടമേളം, താലപ്പൊലി, പുലികളി തുടങ്ങിയ തനതായ കലകള്‍ക്കൊപ്പം മഹാബലി തന്റെ പ്രജകളെ സന്തോഷപൂര്‍വം സന്ദര്‍ശനം നടത്തി. അസോസിയേഷനിലെ കുട്ടികളും മുതിര്‍ന്നവരും സദസിനെ പുളകം കൊള്ളിക്കും വിധം വ്യത്യസ്തവും മനോഹരവുമായ കലാപരിപാടികള്‍ ഒരുക്കിയിരുന്നു. അതിമനോഹരമായ എല്‍ഇഡി സ്‌ക്രീന്‍ പരിപാടികള്‍ക്ക് മാറ്റു കൂട്ടി. കാണികളെ ഇളക്കിമറിച്ചുകൊണ്ടു നടത്തിയ 'ഡിജെ' പരിപാടിയുടെ അവസാനം അതിമനോഹരം ആയിരുന്നു.
അന്നത്തെ പ്രോഗ്രാമില്‍ പങ്കെടുത്ത ഏവര്‍ക്കും, മാവേലിക്കൊപ്പവും ഫാമിലിയായിട്ടും ഫോട്ടോസ് എടുക്കുന്നതിനായി വ്യത്യസ്തവും, കലാപരവുമായ ഒരു ഫോട്ടോഷൂട്ട് ബൂത്തും കമ്മിറ്റി അംഗങ്ങള്‍ ഒരുക്കിയിരുന്നു. ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ സ്പോര്‍ട്സ് ഡേയില്‍, അംഗങ്ങള്‍ രണ്ടു ഗ്രൂപ്പിലായി നടത്തിയ വാശിയേറിയ മതസരങ്ങളുടെ റിസള്‍ട്ടും അന്ന് വെളിപ്പെടുത്തി.
ടോര്‍ക്വയിലെ ഫാദര്‍ ജോണിന്റെ ഓര്‍മയ്ക്കായി ആരംഭിച്ച എവര്‍ റോളിങ്ങ് ട്രോഫികളും വിജയികള്‍ക്ക് സമ്മാനിച്ചു. പങ്കെടുത്തവരെല്ലാവരും മനംകുളിര്‍ക്കേ ആസ്വദിച്ചുകൊണ്ട്, ഡിഎംഎയുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടി വൈകുന്നേരം ഏഴു മണിയോടെ അവസാനിച്ചു. |