ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പാര്‍ലമെന്റ് പൊതു തിരഞ്ഞെടുപ്പ് നവംബര്‍ 29 ന്. പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിലവിലെ പാര്‍ലമെന്റ് പിരിച്ചു വിടുന്നതിന് അനുവാദം വാങ്ങാനായി പ്രധാനമന്ത്രി വെള്ളിയാഴ്ച പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സിന്റെ വസതിയിലെത്തും. തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ഇതോടെ അവസാനമായി. ഈയിടെ നടന്ന പ്രാദേശിക കൗണ്‍സില്‍, യൂറോപ്യന്‍ തിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി പാര്‍ട്ടികളായ ഫിനഗേല്‍, ഫിനാഫാള്‍ പാര്‍ട്ടികള്‍ മികച്ച വിജയം നേടിയിരുന്നു. 2020 മുതല്‍ ഫിനഗേല്‍, ഫിനാഫാള്‍, ഗ്രീന്‍ പാര്‍ട്ടി എന്നിവര്‍ സഖ്യത്തിലാണ് ഭരണം നടത്തുന്നത്. ഇതില്‍ ഫിനഗേല്‍ പ്രതിനിധിയായ സൈമണ്‍ ഹാരിസ് ആണ് പ്രധാന മന്ത്രി. പ്രധാനപ്രതിപക്ഷമായ സിന്‍ ഫെയിനിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി വ്യക്തമാക്കുന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് 2025 മാര്‍ച്ച് വരെ കാലാവധിയുള്ള പാര്‍ലമെന്റ് ഇപ്പോള്‍ പിരിച്ചു വിടാന്‍ സൈമണ്‍ ഹാരിസ് തയാറായത്. നവംബര്‍ 29 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതോടെ ഇനി പ്രചാരണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
സര്‍ക്കാര്‍ കൊണ്ടുവന്ന ഏതാനും സുപ്രധാന ബില്ലുകള്‍ കൂടി പാസാക്കിയ ശേഷമാണ് നിലവിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സിവില്‍ യുദ്ധ കാലഘട്ടം തൊട്ട് വിരോധികള്‍ ആയിരുന്ന ഫിനഗേല്‍, ഫിനാഫാള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ചേര്‍ന്ന് ചരിത്രപരമായ സഖ്യസര്‍ക്കാരാണ് 2020 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മാസങ്ങള്‍ നീണ്ട ചര്‍ച്ചകളിലൂടെ രാജ്യത്ത് രൂപീകരിച്ചത്. ഇതോടെ പാര്‍ട്ടികള്‍ ശത്രുത മറക്കുകയും ചെയ്തു. ഭൂരിപക്ഷത്തിനായി ഒപ്പം ഗ്രീന്‍ പാര്‍ട്ടിയെയും സര്‍ക്കാരില്‍ സഖ്യകക്ഷിയാക്കി. തുടര്‍ന്ന് ഫിനാഫാള്‍ നേതാവായ മീഹോള്‍ മാര്‍ട്ടിന്‍ ആദ്യ വട്ടം പ്രധാനമന്ത്രിയായി. സര്‍ക്കാര്‍ പകുതി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അന്നത്തെ ഫിനഗേല്‍ നേതാവായിരുന്ന ഇന്ത്യന്‍ വംശജന്‍ ലിയോ വരദ്കര്‍ക്ക് സ്ഥാനം കൈമാറുകയും ചെയ്തു. പിന്നീട് ലിയോ വരദ്കര്‍ പാര്‍ട്ടി നേതൃസ്ഥാനവും പ്രധാനമന്ത്രി പദവും രാജിവച്ചതോടെ പുതിയ നേതാവായും പ്രധാനമന്ത്രിയായും സൈമണ്‍ ഹാരിസിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണ ആര് പ്രധാനമന്ത്രിയാകുമെന്ന് മുന്‍കൂട്ടി പ്രവചനം നടത്താന്‍ കഴിയില്ലെങ്കിലും നിലവിലെ ഭരണമുന്നണിയില്‍ ഉള്‍പ്പെടുന്ന ഒരാള്‍ തന്നെ അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന.