കോട്ടയം: രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടിയ ബ്രിട്ടീഷ് ഇന്ത്യന്‍ സൈനികരുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കേംബ്രിജ് ജനസമൂഹത്തിന്റെ ആദരം. പതിറ്റാണ്ടുകള്‍ക്കിപ്പുറം ശനിയാഴ്ച കേംബ്രിജ് ഗ്രേറ്റ് സെയ്ന്റ് മേരീസ് പള്ളിയില്‍ ഇവര്‍ക്കായി സര്‍വമത പ്രാര്‍ഥന ഉയര്‍ന്നു. ഒന്നാം ലോകയുദ്ധത്തില്‍ 1.5 ദശലക്ഷവും രണ്ടാം ലോകയുദ്ധത്തില്‍ 2.5 ദശലക്ഷവും ഇന്ത്യന്‍ വംശജര്‍ ബ്രിട്ടീഷ് സേനയുടെ ഭാഗമായി. ഇവരില്‍ 11,500 പേര്‍ വനിതകളായിരുന്നു. യുദ്ധത്തില്‍ 67,000 പേര്‍ കൊല്ലപ്പെട്ടു, 34,000 പേര്‍ക്ക് പരിക്കേറ്റു. യുദ്ധത്തിന്റെ വിജയത്തിന് പ്രധാന പങ്കുവഹിച്ച സൈന്യത്തെ 'ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യം' എന്ന് ആദരപൂര്‍വം വിളിച്ചു. എന്നാല്‍ യുദ്ധത്തില്‍ മരിച്ച ബ്രിട്ടീഷുകാരെയും അമേരിക്കന്‍ വംശജരെയും ആദരിക്കുന്നതിനായി എല്ലാവര്‍ഷവും മെമ്മോറിയല്‍ ഡേ നടത്തുമ്പോഴും ഇന്ത്യന്‍ സേനാംഗങ്ങളെ ആരും അനുസ്മരിച്ചില്ല.
കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ ബൈജു തിട്ടാല കേംബ്രിജ് സിറ്റി മേയര്‍ ആയതോടെയാണ് ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തെ ആദരിക്കുന്നതിന് തീരുമാനിച്ചത്. കേംബ്രിജ് ഗിള്‍ഡ് ഹാളില്‍ ശനിയാഴ്ച അനുസ്മരണം നടന്നു. ഇന്ത്യന്‍ ഹൈക്കമ്മിഷണറും വിഭജനത്തിന് മുന്‍പുള്ള ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള ഹൈക്കമ്മിഷണര്‍മാരും കേരളത്തില്‍നിന്ന് അഡ്വ. ജയശങ്കറും ചടങ്ങില്‍ പങ്കെടുത്തു.അമേരിക്കയില്‍നിന്നും ബ്രിട്ടനില്‍നിന്നുമുള്ള സേനാംഗങ്ങളുടെ ആകെ എണ്ണത്തേക്കാള്‍ കൂടുതലായിരുന്നു ഇന്ത്യയില്‍നിന്നുള്ള സേനാംഗങ്ങളുടെ എണ്ണമെന്നും അവരുടെ ത്യാഗം മറക്കാനാകില്ലെന്നും ബൈജു തിട്ടാല പറഞ്ഞു. അതുകൊണ്ടാണ് ഇങ്ങനെയൊരു ചടങ്ങ് നടത്താന്‍ മുന്നില്‍നിന്നതെന്നും അദ്ദേഹം തുടര്‍ന്നു.
കേംബ്രിജ് നഗരപിതാവാകുന്ന ആദ്യ ഏഷ്യാക്കാരനാണ് ബൈജു തിട്ടാല. ലേബര്‍ പാര്‍ട്ടി നേതാവും ക്രിമിനല്‍ അഭിഭാഷകനുമാണ്. ആര്‍പ്പൂക്കരയിലെ സാധാരണ കര്‍ഷക കുടംബത്തില്‍നിന്നാണ് ഇംഗ്ലണ്ടിലെത്തുന്നത്. അവിടെ പഠനകാലം മുതല്‍ രാഷ്ട്രീയത്തിലും സജീവം. 2018-ല്‍ ഈസ്റ്റ് ചെസ്റ്റര്‍ട്ടനില്‍നിന്ന് ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കൗണ്‍സിലറായി. 2022-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്കാരുടെ ട്രേഡ് യൂണിയനായ ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്റെ ചെയര്‍മാനുമാണ്.