ലണ്ടന്‍: ഇതൊരു അസാധാരണ മോഷണത്തിന്റെ കഥയാണ്. ഒരേസമയം കൗതുകവും ആശങ്കയും തീര്‍ക്കുന്ന മോഷണം. ഇവിടെ മോഷ്ടിക്കപ്പെട്ടിരിക്കുന്നത് ഏതൊരു വാഹന പ്രേമിയും കൊതിച്ചുപോകുന്ന കാറുകളാണ്. ലോകത്തിലെ തന്നെ ഏറ്റവും ആഡംബരം നിറഞ്ഞ സൂപ്പര്‍ കാറുകളും സ്‌പോര്‍ട്‌സ് കാറുകളും. ഒന്നും രണ്ടും കാറുകളല്ല, 35 എണ്ണം. അവ കടത്തിക്കൊണ്ടുപോയത് രാജ്യാതിര്‍ത്തികളും കടലുകളും കടന്ന് 10,000 കിലോമീറ്റര്‍ അകലെ ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്ക്. ഒടുവില്‍ ആ വാഹനങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന് വേണ്ടി വന്നത് എട്ട് വര്‍ഷം. ഈ മോഷണങ്ങള്‍ നടക്കുന്നത് അങ്ങ് ബ്രിട്ടനിലാണ്. 2016, 2017 വര്‍ഷങ്ങളിലായാണ് ഈ കാറുകള്‍ കടല്‍ കടക്കുന്നത്. മോഷ്ടിക്കപ്പെട്ട കാറുകളുടെ വില ഏകദേശം 70 കോടി രൂപ വരും. ലംബോര്‍ഗിനി ഹുറാകാന്‍ സ്‌പൈഡര്‍, മൂന്ന് ബിഎംഡബ്ല്യു എം4, മൂന്ന് നിസാന്‍ ജിടിആര്‍, രണ്ട് പോര്‍ഷെ 718 ബോക്‌സ്റ്റേഴ്‌സ്, ഒരു പോര്‍ഷെ കെയ്മാന്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്, മെഴ്‌സിഡസ് എഎംജി ജി63, ഫോര്‍ഡ് മസ്താങ് കണ്‍വെര്‍ട്ടിബിള്‍... ഇങ്ങനെ പോകുന്നു മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ നിര. രാജ്യത്ത് ലക്ഷ്വറി കാര്‍ വടകയ്ക്ക് നല്‍കുന്നയിടങ്ങളില്‍നിന്നും ഡീലര്‍ഷിപ്പുകളില്‍നിന്നുമെല്ലാമാണ് മോഷ്ടാക്കള്‍ കാറുകള്‍ അതിവിദഗ്ധമായി കടത്തിക്കൊണ്ടുപോയത്.
ഇനിയാണ് കഥയിലെ യഥാര്‍ഥ ട്വിസ്റ്റ് വരുന്നത്. ഈ വാഹനങ്ങള്‍ എല്ലാം കൊണ്ടുപോയത് ബ്രിട്ടനില്‍നിന്ന് 10,000 കിലോമീറ്റര്‍ അകലെയുള്ള തായ്‌ലന്‍ഡിലേക്കാണെന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്ന് ഞെട്ടും. മോഷ്ടിക്കാനായി ബ്രിട്ടനിലെ വാഹനങ്ങള്‍ തന്നെ തെരഞ്ഞെടുക്കാനും കാരണമുണ്ട്. തായ്‌ലന്‍ഡിന് സമാനമായി ബ്രിട്ടനിലും റൈറ്റ് ഹാന്‍ഡ് ഡ്രൈവാണ്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ കാറുകള്‍ പൊലീസ് കണ്ടെത്തുന്നത്. സാമ്പത്തിക തട്ടിപ്പിലൂടെയാണ് കാറുകള്‍ മോഷ്ടാക്കള്‍ സ്വന്തമാക്കുന്നത്. തുടര്‍ന്ന് കപ്പലിലും വിമാനത്തിലുമായി ഇവ തായ്‌ലന്‍ഡിലെത്തിച്ചു. ഷോറൂമുകള്‍ വഴിയായിരുന്നു ഇവയുടെ വില്‍പന. തായ്‌ലന്‍ഡില്‍ വാഹനം വാങ്ങിയവര്‍ക്ക് ഇത് ബ്രിട്ടനില്‍നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന വിവരം അറിയില്ലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.
ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാണ് സതാംപ്ടണ്‍. ഓരോ വര്‍ഷവും ഈ തുറമുഖം വഴി 8.2 ലക്ഷം കാറുകളാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി നിയമവിധേയമായി അയക്കുന്നത്. മോഷ്ടിക്കപ്പെട്ട നാല് മെഴ്‌സിഡസ് ബെന്‍സ് കാറുകള്‍ ഈ തുറമുഖത്തെ കണ്ടെയ്‌നറില്‍നിന്ന് പൊലീസ് കണ്ടെടുത്തതോടെയാണ് വലിയരീതിയിലുള്ള അന്വേഷണത്തിന് പൊലീസ് തുടക്കമിട്ടത്. സിംഗപ്പൂര്‍ വഴി തായ്‌ലാന്‍ഡിലേക്കാണ് ഈ വാഹനങ്ങള്‍ അയക്കുന്നതെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഓപറേഷന്‍ ടൈറ്റാനിയം എന്ന പേരില്‍ പൊലീസ് ദൗത്യമാരംഭിച്ചു. ഇതിന്റെ തുമ്പ് പിടിച്ചുപോയ പൊലീസിന് പല വാഹനങ്ങളും തായ്‌ലന്‍ഡിലേക്ക് കടത്തിയതായി മനസ്സിലായി. കപ്പല്‍ കൂടാതെ ഹീത്രു വിമാനത്താവളം വഴിയും നിരവധി കാറുകള്‍ കടത്തിയിട്ടുണ്ട്. തുടര്‍ന്ന് തായ് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഓരോ വാഹനങ്ങളും കണ്ടെടുക്കുകയും ബ്രിട്ടനിലേക്ക് തിരികെയെത്തിക്കുകയുമായിരുന്നു. 30 കാറുകളാണ് കഴിഞ്ഞയാഴ്ച തിരികെ എത്തിച്ചത്. തായ്‌ലാന്‍ഡിലേക്ക് കടത്തിയ അഞ്ച് കാറുകള്‍ കൂടി കണ്ടെത്താനുണ്ട്.
ബ്രിട്ടനില്‍ നടക്കുന്ന കാര്‍ മോഷണങ്ങളില്‍ അഞ്ചില്‍ നാലിന് പിന്നിലും സംഘടിത കുറ്റവാളികളാണെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് കടത്ത് പോലുള്ള കുറ്റകൃത്യങ്ങള്‍ക്കാണ് ഇവ ഉപയോഗിക്കുന്നത്. മോഷ്ടിക്കപ്പെടുന്ന കാറുകളില്‍ വളരെ കുറച്ചു മാത്രമാണ് പൊലീസിന് കണ്ടെത്താന്‍ സാധിക്കുന്നത്. ഇതിന്റെ പ്രധാന കാരണം ഈ വാഹനങ്ങള്‍ വിദേശത്തേക്ക് കടത്തുന്നു എന്നതിനാലാണ്. 2024ന്റെ രണ്ടാം പകുതിയില്‍ ബ്രിട്ടനിലെ തുറമുഖങ്ങള്‍ വഴി മോഷണ കാറുകള്‍ കയറ്റി അയക്കുന്നതില്‍ 29 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ ആഴ്ചയും 10 മുതല്‍ 15 കാറുകള്‍ വരെ അധികൃതര്‍ പിടികൂടുന്നുണ്ട്. എന്നാല്‍, ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. സെപ്റ്റംബറില്‍ മാത്രം 325 വാഹനങ്ങളാണ് പിടികൂടിയത്. 196 പേര്‍ ഈ കേസുകളിലായി അറസ്റ്റിലാവുകയും ചെയ്തു.
മുന്നില്‍ കോംഗോ മോഷ്ടിക്കപ്പെടുന്ന കാറുകള്‍ കൂടുതലും തായ്‌ലന്‍ഡിലേക്കാണ് പോകുന്നതെന്ന് കരുതിയാല്‍ തെറ്റി. മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലേക്കാണ് ഏറ്റവും കൂടുതല്‍ കാറുകള്‍ കടത്തുന്നതെന്ന് പൊലീസിന്റെ കണക്കുകള്‍ പറയുന്നു. രണ്ടാമതുള്ളത് യുഎഇയാണ്. വിദേശത്തേക്ക് ചരക്കുകള്‍ കയറ്റി അയക്കുമ്പോള്‍ വലിയരീതിയിലുള്ള പരിശോധനയില്ല എന്നതാണ് കുറ്റവാളികള്‍ക്ക് സഹായകരമാകുന്നത്. ഏകദേശം 2000 യൂറോ, അതായത് രണ്ട് ലക്ഷം രൂപയുണ്ടെങ്കില്‍ കണ്ടെയ്‌നര്‍ വഴി എന്തും കയറ്റി അയക്കാമെന്നതാണ് സ്ഥിതി. വലിയൊരു കപ്പലില്‍ 20,000 വരെ കണ്ടെയ്‌നറുകള്‍ കൊള്ളും. ഇത്തരത്തില്‍ പതിനായിരക്കണക്കിന് കണ്ടെയ്‌നറുകളാണ് ഓരോ ദിവസവും ബ്രിട്ടനിലെ തുറമുഖങ്ങളില്‍നിന്ന് പോകുന്നത്. ഇവ പൂര്‍ണമായും പരിശോധിക്കുക എന്നത് അസാധ്യമാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ഇത് തന്നെയാണ് മോഷ്ടാക്കള്‍ക്ക് സഹായകരമാകുന്നതും. ഒരു തവണ കണ്ടെയ്‌നര്‍ തുറന്നുനോക്കിയപ്പോള്‍ ആദ്യം പൊലീസ് കണ്ടത് സോഫകളും കിടക്കകളുമാണ്. ഇവ മാറ്റി നോക്കിയപ്പോഴാണ് യാഥാര്‍ഥ്യം മനസ്സിലാകുന്നത്. മൂന്ന് കാറുകളാണ് അവക്കിടയില്‍ ഒളിപ്പിച്ചുവെച്ചിരുന്നത്. ഇത്തരത്തില്‍ പിടിക്കപ്പെടാത്ത കണ്ടെയ്‌നറുകളില്‍ ദിവസവും നിരവധി കാറുകളാണ് ബ്രിട്ടനില്‍നിന്ന് കപ്പല്‍ കയറുന്നത്.