പുതിയ തലമുറ പരമ്പരാഗത തൊഴിലുകളില്‍ നിന്നും മാറി നടക്കാന്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ സ്വപ്നങ്ങള്‍ക്കനുസരിച്ച് അവര്‍ ജീവിക്കുന്നു. സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് തൊഴിലുകളും തൊഴിലിടങ്ങളും സൃഷ്ടിക്കപ്പെടുന്നു. അതിന് മുന്‍ മാതൃകകളൊന്നും തന്നെ അവര്‍ക്ക് ആവശ്യമില്ല. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററുകാരിയും 42 കാരിയുമായ അനിക്കോ റോസ് അത്തരത്തില്‍ പുതിയൊരു തൊഴിലിടം സൃഷ്ടിക്കുകയും അതില്‍ നിന്ന് മികച്ച വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അനിക്കോയുടെ സാന്നിധ്യം നിങ്ങള്‍ക്ക് ആവശ്യപ്പെടാം. അത് തന്നെയാണ് അവരുടെ ജോലിയും.
തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്കാണ് ഓരോ ദിവസും നമ്മുടെ യാത്ര. ഇതിനിടെ ചെറിയ കാര്യങ്ങള്‍ക്ക് പോലും നമ്മള്‍ മാനസികമായി അസ്വസ്ഥരാകുകയും തളരുകയും ചെയ്യുന്നു. ഒപ്പം നിന്ന് ആശ്വസിപ്പിക്കാന്‍, ഒന്ന് കെട്ടിപ്പിടിക്കാന്‍ ഒരു തുണയില്ലാത്ത കാലം. ഈ വിടവ് നികത്തുകയാണ് അനിക്കോ റോസ്. നിങ്ങളുടെ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളില്‍ നിങ്ങളുടെ വൈകാരിക നിമിഷങ്ങള്‍ ഒപ്പം നില്‍ക്കുന്ന പ്രൊഫഷണല്‍ കഡ്‌ലര്‍ അഥവാ ഹഗ്ഗര്‍. മാനസികമായ തകര്‍ച്ചയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങളില്‍ വൈകാരിക പിന്തുണ നല്‍കുന്നതിന് അനിക്കോ റോസിന് മണിക്കൂറിന് 7,500 രൂപയാണ് ചര്‍ജ്ജ്.
അനിക്കോ റോസ് ഈ രംഗത്തെ ഒറ്റപ്പെട്ട ഒരാളല്ല. ലോകമെമ്പാടും ഇപ്പോള്‍ ഹഗ്ഗര്‍മാരുടെ ആവശ്യം കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവരൊരിക്കലും നിങ്ങളോടൊപ്പം ജീവിക്കില്ല. എന്നാല്‍ നിങ്ങളുടെ നിമിഷങ്ങളില്‍ നിങ്ങള്‍ക്കൊപ്പം ഒരു പ്രൊഫഷണല്‍ സമീപനത്തോടെ നില്‍ക്കുന്നു. സമ്മര്‍ദ്ദവും ഏകാന്തതയും അലട്ടുന്നവര്‍ക്ക് ആലിംഗനം ഏറെ ആശ്വാസം നല്‍കുന്നെന്ന് അനിക്കോ പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അനിക്കോ റോസ് ഈ പുതിയ തൊഴിലിടം തെരഞ്ഞെടുത്തതെന്ന് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് ഈ രംഗത്തെ വിദഗ്ദരില്‍ ഒരാളണ് അനിക്കോ. സമൂഹ മാധ്യമങ്ങളിലൂടെയും സ്വന്തം വെബ്‌സൈറ്റിലൂടെയും ആളുകള്‍ അനിക്കയുടെ സാമീപ്യത്തിനായി അന്വേഷിച്ചെത്തുന്നു. മനുഷ്യ സ്പര്‍ശം സന്തോഷത്തിന്റെ ശക്തമായ സാമീപ്യമാണെന്ന് അനിക്കോ വിശ്വസിക്കുന്നു. ഒരാളെ കെട്ടിപ്പിടിക്കുന്നത്, കുറച്ച് സെക്കന്‍ഡുകള്‍ ആണെങ്കില്‍ പോലും, സന്തോഷം ഉയര്‍ത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.
കഡ്‌ലിംഗ് വിദഗ്ദ്ധനായ അനിക്കോ റോസ് അവളുടെ സേവനങ്ങള്‍ക്ക് ഗണ്യമായ പ്രതിഫലം വാങ്ങുന്നു. മണിക്കൂറിന് 70 പൗണ്ട് (ഏകദേശം 7,400 രൂപ). അനിക്കോ റോസിന്റെ ക്ലൈന്റുകളില്‍ ഭൂരിഭാഗവും 20 നും 65 നും ഇടയില്‍ പ്രായമുള്ളവരാണ്. പലരും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനുകളാണ് തെരഞ്ഞെടുക്കുന്നത്. നിരവധി പേരാണ് സമാധാനത്തിനും ആശ്വാസത്തിനും മാനസിക പിന്തുണയ്ക്കുമായി അനിക്കോയെ സമീപിക്കുന്നത്. തന്റെ ക്ലൈന്റുകളില്‍ പലരും സ്ഥിരം ആളുകളാണെന്നും അനിക്കോ പറയുന്നു.