ലണ്ടന്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം കൊണ്ടുവരാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു തരത്തിലുള്ള വേര്‍തിരിവുകളും ഉണ്ടാകരുത് എന്നാണ്. എന്നാല്‍ ലോകമെന്നി സമ്പന്നനും ദരിദ്രനുമെന്ന ദ്വന്ദത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്ന സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളാണ് ലോകത്ത് ഇന്ന് നിലനില്‍ക്കുന്നത്. സ്വാഭാവികമായും ഈ വേര്‍തിരിവ് സമൂഹത്തിലെ മറ്റ് തലങ്ങളിലേക്കും വ്യാപിക്കുന്നു. ഈ വേര്‍തിരിവ് യുകെയിലെ എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് പിന്നാലെ ക്യാമ്പസിലെ സമ്പന്നരായ വിദ്യാര്‍ത്ഥികളോട്, ദരിദ്രരായ വിദ്യാര്‍ത്ഥികളോട് പെരുമാറുമ്പോള്‍ അല്പം കൂടി മാന്യത കാണിക്കാന്‍ സര്‍വ്വകലാശാല ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ വിപുലമായ വിദ്യാര്‍ത്ഥി പങ്കാളിത്ത പരിപാടിക്ക് കീഴിയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പരിഹാസത്തിന് ഇരകളാക്കപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പദ്ധതി പ്രകാരം പിന്നോക്ക പ്രദേശങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ ട്രോപ്പ് ഔട്ടുകളായ വിദ്യാര്‍ത്ഥികളെ കൂടുതലായി ക്യാമ്പസിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ഇത്തരമൊരു പദ്ധതിക്ക് കീഴില്‍ 'സാമൂഹിക സാമ്പത്തിക മൈക്രോഗ്രഷനുകള്‍' കുറയ്ക്കുന്നതിലൂടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ക്യാമ്പസിലെ സമ്പന്ന വിദ്യാര്‍ത്ഥികള്‍ പുലര്‍ത്തേണ്ട ചില മര്യാദകള്‍ക്കും നടപടികള്‍ക്കും സര്‍വ്വകലാശാല ഒരു മാര്‍ഗ നിര്‍ദ്ദേശം തന്നെ പുറത്തിറക്കി.
പൊങ്ങച്ചക്കാരനാകരുത്! എല്ലാവരുടെയും ജീവിതവും കുടുംബവും നിങ്ങളുടേത് പോലെയാണെന്ന് കരുതരുത്. സമ്പത്തും ബുദ്ധിയും കഠിനാധ്വാനവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ പുതിയ ആളുകളെ കണ്ടുമുട്ടുമ്പോള്‍, അവരുടെ പശ്ചാത്തലങ്ങളേക്കാള്‍ അവരുടെ താല്‍പ്പര്യങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് ജിജ്ഞാസയുള്ളവരായിരിക്കുക. 'എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍, ഇടത്തരം മുതല്‍ താഴ്ന്ന സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥി ന്യൂനപക്ഷമുണ്ട്. എന്നാല്‍, വിശാലമായ യുകെ സമൂഹത്തില്‍ അവരാണ് ഭൂരിപക്ഷം, ' സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ അവര്‍ കടന്നു വരുന്ന പശ്ചാത്തലം കാരണം 'മറ്റുള്ളവര്‍' (Others) എന്ന മാറ്റിനിര്‍ത്തല്‍ അനുഭവത്തിന് വിധേയരാകുന്നതായി തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഇത് അത്തരം വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാല തങ്ങളുടേത് അല്ല എന്ന ബോധത്തിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്നും പ്രസ്ഥാവനയില്‍ ചൂണ്ടിക്കാണിക്കുന്നു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ 70 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും ഇംഗ്ലണ്ടില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ യുകെയില്‍ നിന്നോ വിദേശത്ത് നിന്നോ ഉള്ളവരുമാണ്. വിദ്യാര്‍ത്ഥികളില്‍ 40 ശതമാനവും സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്നവരാണ്. ഇതിനിടെ കഴിഞ്ഞയാഴ്ച ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് കാമ്പസിലെ വിദ്യാര്‍ത്ഥികളില്‍ നിലനില്‍ക്കുന്ന ഇത്തരം മാറ്റിനിര്‍ത്തല്‍ സംസ്‌കാരം മൂലമാണെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത് വലിയ വിവാദമായിരുന്നു.