ലിങ്കണ്‍ഷെയര്‍: യുകെയില്‍ മലയാളി ദമ്പതികളുടെ മകള്‍ പനിയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. ലിങ്കണ്‍ഷെയറിലെ പീറ്റര്‍ബറോയ്ക്ക് സമീപം സ്പാള്‍ഡിങില്‍ താമസിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശികളായ ജിനോ ജോര്‍ജിന്റെയും അനിതയുടെയും മകളായ അഥീനയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയായിരുന്നു 10 മാസം മാത്രം പ്രായമുള്ള അഥീന. പനിയും ശ്വാസതടസവും മൂലമാണ് ആദ്യം പീറ്റര്‍ബറോ എന്‍എച്ച്എസ് ആശുപത്രിയില്‍ ജിപി റഫറന്‍സില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക് എന്‍എച്ച്എസ് ആശുപത്രിയില്‍ രണ്ട് ദിവസം മുന്‍പ് പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവേയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4 മണിയോടെ അഥീന മരിച്ചത്.
പെരുമ്പാവൂര്‍ ഐമുറി മാവിന്‍ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോര്‍ജ്. രണ്ട് വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ഇരുവരും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 ന് അഥീനയുടെ ജനനത്തിനു ശേഷം കഴിഞ്ഞമാസം ആദ്യം കേരളത്തിലെത്തി ഓണം ആഘോഷിച്ചിരുന്നു. നാട്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഏതാനും ദിവസത്തെ അവധി കാലം കൊണ്ടു തന്നെ അഥീന അരുമയായി മാറിയിരുന്നു. ഓണക്കാലത്ത് അഥീനയുടെ മാതാപിതാക്കളുടെ സുഹൃത്തായ ടോംസ് കൈലാത്ത് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇപ്പോള്‍ അഥീനയുടെ വേര്‍പാടില്‍ മാതാപിതാക്കളെയും ഏക സഹോദരി ആഞ്ജലീനയേയും അശ്വസിപ്പിക്കുവാന്‍ പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പൊതുദര്‍ശനവും സംസ്‌കാരവും പിന്നീട്. ഇതിനായുള്ള ക്രമീകരണങ്ങള്‍ക്ക് സ്പാള്‍ഡിങ് മലയാളി അസോസിയേഷന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ റദാക്കി.