ലണ്ടന്‍: എന്‍എച്ച്എസ് പേബാന്‍ഡ് 2, 3 എന്നിവയിലേക്ക് താല്‍കാലിക ജോലിക്കാരെ നിയോഗിക്കുന്നതിനാണ് വിലക്ക്. ഇതോടെ ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റ്, ഡൊമസ്റ്റിക് സപ്പോര്‍ട്ട് വര്‍ക്കര്‍ തുടങ്ങിയ ജോലികള്‍ക്ക് താല്‍കാലിക ഏജന്‍സി ജോലിക്കാരെ നിയോഗിക്കാന്‍ കഴിയില്ല. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം എന്‍ട്രി ലെവല്‍ ജോലികളില്‍ ഏജന്‍സികളില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിക്കുന്നതിന് നിരോധനം നിലവില്‍ വരും. ഇതിന് പുറമെ എന്‍എച്ച്എസ് ജീവനക്കാര്‍ രാജിവെച്ച് തൊട്ടുപിന്നാലെ ഏജന്‍സി വഴി ജോലിയില്‍ മടങ്ങിയെത്തുന്നതിനും തടയിടും. ഈ നീക്കം വലിയ തോതില്‍ പണം ലാഭിക്കാനും, പരിചരണം മെച്ചപ്പെടുത്താനും, രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് വിശ്വസിക്കുന്നു.
ഏജന്‍സി ജീവനക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതോടെ ക്ലിനിക്കല്‍ അപകടങ്ങള്‍ കുറയ്ക്കാനും കഴിയുമെന്ന് ഇവര്‍ വ്യക്തമാക്കി. ഈ ഇനത്തില്‍ ഏജന്‍സികള്‍ പ്രതിവര്‍ഷം 3 ബില്യണ്‍ പൗണ്ടാണ് ഈടാക്കുന്നത്. ഒരു ഷിഫ്റ്റിന് നഴ്സുമാര്‍ക്ക് 2000 പൗണ്ട് വരെ നല്‍കാന്‍ ആശുപത്രികള്‍ നിര്‍ബന്ധിതമാകുന്നതായി ഹെല്‍ത്ത് സെക്രട്ടറി. ഏജന്‍സികള്‍ ഇതേ ജീവനക്കാരെ തിരികെ ജോലിക്കായി എത്തിക്കുമ്പോള്‍ നിരക്കുകള്‍ കുതിച്ചുയരും.