ലണ്ടന്‍: കടുത്ത ജോലി ഭാരവും ശമ്പള കുറവും കാരണം ഇംഗ്ലണ്ടില്‍ ഒട്ടേറെ പേര്‍ നേരത്തെ തന്നെ നേഴ്‌സിംഗ് ജോലി ഉപേക്ഷിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നു. റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗ് (ആര്‍സിഎന്‍) നടത്തിയ പഠനത്തിലാണ് രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയിലെ ദുരവസ്ഥ വെളിച്ചത്ത് കൊണ്ടുവന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വന്നത്. ആദ്യത്തെ 10 വര്‍ഷം മാത്രം ജോലി ചെയ്തതിനുശേഷം ഏകദേശം 11,000 പേരാണ് നേഴ്‌സിംഗ് ജോലി ഉപേക്ഷിച്ചത്. യുകെയിലെ നേഴ്സുമാരുടെയും മിഡ്വൈഫുകളുടെയും റെഗുലേറ്ററായ നേഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി), ഇംഗ്ലണ്ടിലെ നേഴ്സിംഗ് അസോസിയേറ്റ്സ് എന്നിവരുടെ കണക്കുകള്‍ പരിശോധിച്ചതിനു ശേഷമാണ് ആര്‍സിഎന്‍ കണക്കുകള്‍ പുറത്തു വിട്ടത്. മോശം ജോലി സാഹചര്യങ്ങളും കുറഞ്ഞ ശമ്പളവും മൂലം നേഴ്‌സുമാര്‍ ജോലിയോട് വിട പറയുന്നത് മൂലം എന്‍എച്ച്എസ് വന്‍ പ്രതിസന്ധിയെയാണ് നേരിടുന്നത്.
ജീവനക്കാരുടെ കുറവ് ഉണ്ടാകുന്നത് കൂടാതെ രോഗികള്‍ക്ക് വേണ്ട രീതിയില്‍ ചികിത്സ നല്‍കാന്‍ സാധിക്കാതിരിക്കുന്നതും കടുത്ത ജോലിഭാരം മൂലം മോശം മനോനിലയിലേയ്ക്ക് എത്തിച്ചേരുക തുടങ്ങിയവയാണ് ഇതിന്റെ പരിണിതഫലങ്ങള്‍ എന്ന് ആര്‍സിഎന്നിന്റെ ജനറല്‍ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫ നിക്കോള റേഞ്ചര്‍ പറഞ്ഞു. മികച്ച ശമ്പളം എന്‍എച്ച്‌സിലും പൊതുമേഖലയിലും കൂടുതല്‍ കാലം ജോലി ചെയ്യുന്നവരുടെ വായ്പകള്‍ എഴുതിത്തള്ളുക എന്നീ നടപടികളിലൂടെ നേഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്. 2021 നും 2024 നും ഇടയില്‍ 10 വര്‍ഷത്തിനുള്ളില്‍ ജോലി ഉപേക്ഷിക്കുന്ന നേഴ്‌സുമാരുടെ എണ്ണം 43% വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പുറത്തു പോകുന്നവരുടെ എണ്ണം 67% ആണ് വര്‍ദ്ധിച്ചത് . നേഴ്‌സുമാരുടെ കൊഴിഞ്ഞു പോക്ക് എന്‍എച്ച്എസിലെ കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികളെ തകിടം മറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.