ലണ്ടന്‍: എന്‍എച്ച്എസില്‍ സേവനം നല്‍കുന്നതില്‍ പരാജയപ്പെടുന്ന ആശുപത്രികളുടെ പട്ടിക തയ്യാറാക്കി പുറത്തുവിടുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. കൂടാതെ മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന എന്‍എച്ച്എസ് മാനേജര്‍മാരെ പുറത്താക്കാനുള്ള നീക്കവും അദ്ദേഹം വ്യക്തമാക്കി. പരാജയപ്പെടുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന പരിപാടിക്ക് അവസാനം കുറിയ്ക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ഹെല്‍ത്ത് മേധാവികളെ അറിയിക്കുക.
മോശം പ്രകടനം നേരിടാനുള്ള നടപടികളുടെ ഭാഗമായാണ് കര്‍ശനമായ വെട്ടിനിരത്തലും ഉണ്ടാകുക. ഒരു തരത്തിലുള്ള മുന്‍ധാരണയും ഇല്ലാത്ത വിധത്തില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് രാജ്യത്തെ ട്രസ്റ്റുകളില്‍ റിവ്യൂ നടത്തും. ഇതിന്റെ ഫലം പരസ്യപ്പെടുത്തുകയും, പതിവായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ഫിനാന്‍സ്, സേവനങ്ങളുടെ ഡെലിവെറി, പരിചരണം ലഭിക്കാനുള്ള രോഗികളുടെ എളുപ്പം, നേതൃത്വത്തിന്റെ മത്സരക്ഷമത എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയാകും ട്രസ്റ്റുകള്‍ക്ക് റാങ്ക് നല്‍കുക. പദ്ധതികള്‍ പ്രകാരം പതിവായി പരാജയപ്പെടുന്ന മാനേജര്‍മാരെ മാറ്റുകയും, ധനകാര്യ വീഴ്ചകള്‍ വരുത്തുകയും, രോഗികള്‍ക്ക് മോശം പരിചരണം നല്‍കുകയും ചെയ്യുന്ന ട്രസ്റ്റുകളിലേക്ക് ടീമുകളെ അയയ്ക്കുകയും ചെയ്യും.