'പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി. എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ പല പാടുകളും ശരീരത്തില്‍ കാണപ്പെടാന്‍ തുടങ്ങി' - ത്വക്കിനെ ബാധിക്കുന്ന അപൂര്‍വരോഗത്തെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്ന് ആന്‍ഡ്രിയ ജെറമിയ പറഞ്ഞു. കണ്‍പീലികളിലെ നരയെ മേക്കപ്പ് കൊണ്ട് മറയ്ക്കാനാവും. ജീവിതശൈലിയിലും മാറ്റംവരുത്തി. തുടര്‍ച്ചയായി ജോലി ചെയ്യാനാകില്ല. ചെയ്താല്‍ അത് ത്വക്കിലും മുഖത്തും വളരെപ്പെട്ടന്ന് തന്നെ പ്രകടമാകുമെന്നും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അതേക്കുറിച്ച് വേറ കഥകളാണ് ഇന്‍ഡസ്ട്രിയിലും മാധ്യമങ്ങളിലും പ്രചരിച്ചത്. പ്രണയം തകര്‍ന്നത് കാരണം ഞാന്‍ ഡിപ്രഷനിലായി എന്നാണ് പ്രചരിക്കപ്പെട്ടതെന്നും നടി പറഞ്ഞു.
മാനസിക സമ്മര്‍ദ്ദം മൂലമാകുമെന്നാണ് ആദ്യം കരുതിയത്. രോഗം കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ് സിനിമയില്‍നിന്ന് ഇടവേള എടുത്തത് എന്നും താരം കൂട്ടിച്ചേര്‍ത്തു. 'വട ചെന്നൈ' എന്ന ചിത്രത്തിന് തൊട്ടുപിന്നാലെയാണ് രോഗം തിരിച്ചറിയുന്നതെന്നും താരം പറഞ്ഞു.
ഇപ്പോഴും രോഗത്തിന്റെ ഭാഗമായ പാടുകള്‍ ശരീരത്തിലുണ്ട്. കണ്‍പീലികള്‍ക്ക് വെള്ള നിറമുണ്ട്. അക്യൂപങ്ചര്‍ എന്ന ചികിത്സാരീതി തനിക്ക് വളരെയേറെ ഗുണംചെയ്തെന്നും ആന്‍ഡ്രിയ പറഞ്ഞു. രണ്ട് വര്‍ഷത്തോളം അത് തുടര്‍ന്നു. രോഗത്തെ വലിയൊരളവില്‍ മറികടന്നു. |