ലണ്ടന്‍: ഇസ്രായേല്‍ ബന്ധമുള്ള ശീതള പാനീയങ്ങള്‍ക്കു പകരമായി വിപണിയിലെത്തിയ 'കോള ഗസ്സ' യു.കെയില്‍ തരംഗമാവുന്നു. ഫലസ്തീനി ആക്ടിവിസ്റ്റും വ്യവസായിയുമായ ഉസാമ ഖാഷൂ ഇക്കഴിഞ്ഞ ആഗസ്തില്‍ വിപണിയിലെത്തിച്ച കോള ഗസ്സയുടെ അഞ്ച് ലക്ഷത്തിളേറെ കാനുകള്‍ ഇതിനകം വിറ്റഴിഞ്ഞതായി ഇസ്രായേല്‍ മാധ്യമം ജെറുസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഗസ്സയിലെ വംശഹത്യയില്‍ ഇസ്രായേല്‍ സൈന്യത്തെ സഹായിക്കുന്ന ബ്രാന്‍ഡുകളെ ബഹിഷ്‌കരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഭാഗമായാണ് 'വംശഹത്യയില്ലാത്ത കോള' എന്ന ലേബലില്‍ കോള ഗസ്സ പുറത്തിറക്കിയത്.
ഇസ്രായേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെടുന്ന ഫലസ്തീനി കുട്ടികളുടെ ഓര്‍മ നിലനിര്‍ത്തുക എന്നതാണ് കോള ഗസ്സയുടെ ലക്ഷ്യമെന്നും ഫലസ്തീനികള്‍ അനുഭവിക്കുന്ന ദുരിതം ഈ പാനീയത്തിന്റെ ഓരോ സിപ്പും ഓര്‍മിപ്പിക്കുമെന്നും ഉസാമ ഖാഷൂ പറയുന്നു. ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്ത ഗസ്സ സിറ്റിയിലെ അല്‍ കറാമ ആശുപത്രി പുനര്‍നിര്‍മിക്കുന്നതിനു വേണ്ടിയാണ് കോള വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'100 ശതമാനം ഫലസ്തീനി ഉടമസ്ഥതയിലുള്ളത്', '100 ശതമാനം അപ്പാര്‍ത്തീഡ് മുക്തം', '100 ശതമാനം ലാഭവും മാനുഷിക സഹായത്തിന് നല്‍കുന്നു' എന്നിവയാണ് കോള ഗസ്സയുടെ പരസ്യവാചകങ്ങള്‍. ലണ്ടനിലെ ഫലസ്തീന്‍ ഹൗസിന്റെ ഈ ഉല്‍പ്പന്നം ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്ന ബദല്‍ ശീതള പാനീയമാണെന്നും ഉസാമ ഖാഷൂ പറയുന്നു. ഫലസ്തീന്‍ പതാകയുടെ നിറങ്ങളും കഫിയ പാറ്റേണും അറബി, ഇംഗ്ലീഷ് അക്ഷരരൂപങ്ങളും ഉള്‍പ്പെടുന്നതാണ് കോള കാനിന്റെ ഡിസൈന്‍.പോളണ്ടില്‍ നിര്‍മിച്ച് ലണ്ടനിലേക്ക് ഇറക്കുമതി ചെയ്യുന്ന കോള ഗസ്സ ആദ്യഘട്ടത്തില്‍ മൂന്ന് റസ്റ്റോറന്റുകളിലാണ് വില്‍പ്പന നടത്തിയത്. ഉദ്യമത്തിനു പിന്നിലുള്ള ലക്ഷ്യവും ആകര്‍ഷകമായ രുചിയും കാരണം വളരെ പെട്ടെന്നു തന്നെ ഇത് ജനപ്രീതിയാര്‍ജിച്ചു. റസ്റ്റോറന്റുകള്‍, ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയിലൂടെയും ഷോപ്പിഫൈ വഴി ഓണ്‍ലൈനായുമാണ് നിലവില്‍ കോള വില്‍ക്കുന്നത്. 250 മില്ലിയുടെ 6 കാന്‍, 24 കാന്‍ എന്നിങ്ങനെ രണ്ട് പാക്കുകളായാണ് കോള ഗസ്സ ഓണ്‍ലൈന്‍ ആയി വില്‍ക്കുന്നത്. യഥാക്രമം 12 പൗണ്ടും 30 പൗണ്ടുമാണ് വില.
ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ ജനിച്ചു വളര്‍ന്ന ഉസാമ ഖാഷൂ, ഇസ്രായേല്‍ പൊലീസിന്റെ വേട്ടയില്‍ നിന്നു രക്ഷപ്പെട്ടാണ് യു.കെയില്‍ അഭയം തേടിയത്. വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ വിഭജന മതിലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു ഖാഷൂവിനെതിരായ സയണിസ്റ്റ് പൊലീസിന്റെ നീക്കം. ലണ്ടനില്‍ അഭയാര്‍ത്ഥിയായെത്തി ചലച്ചിത്ര നിര്‍മാണത്തില്‍ ഉപരിപഠനം നേടിയ അദ്ദേഹം 2006-ല്‍ അല്‍ജസീറ ന്യൂ ഹൊറൈസണ്‍ അവാര്‍ഡിന് അര്‍ഹനായി. 2007-ല്‍ ഫ്രീ ഗസ്സ മൂവ്മെന്റ് സ്ഥാപിച്ച ഖാഷൂ 2010 മെയ് മാസത്തില്‍ തുര്‍ക്കിയില്‍ നിന്ന് ഗസ്സയിലേക്കുള്ള 'ഫ്രീഡം ഫ്ളോട്ടില്ല' സഹായ ദൗത്യത്തിലും നിര്‍ണായക പങ്കു വഹിച്ചു. ഫ്ളോട്ടില്ലയുടെ ഭാഗമായുള്ള ഒരു കപ്പലിനെ ഇസ്രായേല്‍ ആക്രമിക്കുകയും ഖാഷുവിന്റെ ക്യാമറമാന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.ഇസ്രായേലിന്റെ വംശഹത്യയ്ക്ക് പിന്തുണ നല്‍കുന്ന കമ്പനികളെ ബഹിഷ്‌കരിക്കുക എന്നത് പ്രധാനമാണെന്നും, ബഹിഷ്‌കരണ പ്രസ്ഥാനത്തിന് കരുത്തുപകരുകയാണ് കോള ഗസ്സയുടെ ലക്ഷ്യമെന്നും ഖാഷൂ 'അല്‍ ജസീറ'യോട് പറഞ്ഞു.