ലണ്ടന്‍: ബജറ്റ് എയര്‍ലൈനുകള്‍ ഹാന്‍ഡ് ലഗേജിന് അധികനിരക്ക് ഈടാക്കുന്നതിന് റയാന്‍ എയര്‍ , വ്യൂലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള ബജറ്റ് എയര്‍ലൈനുകള്‍ക്ക് മൊത്തം 179 മില്യണ്‍ പൗണ്ട് പിഴ ചുമത്തി. ക്യാബിന്‍ ബാഗുകള്‍ വലിപ്പം കൂടി തുടങ്ങിയ നിരവധി കാരണങ്ങള്‍ പറഞ്ഞ് യാത്രക്കാരെ പിഴിഞ്ഞിരുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ് കണ്‍സ്യൂമര്‍ റൈറ്റ് മിനിസ്ട്രിയുടെ നടപടി. മെയ് മാസത്തില്‍ അഞ്ച് എയര്‍ലൈനുകള്‍ക്കാണ് 150 മില്യണ്‍ യൂറോ പിഴ ചുമത്തിയത്. അന്ന് പിഴ ചുമത്തിയ കാര്യം മന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവരുടെ അപ്പീലുകള്‍ നിരസിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. റയാന്‍എയറിന് 108 മില്യണ്‍ യൂറോയും ഐഎജിയുടെ ലോ-കോസ്റ്റ് യൂണിറ്റ് വ്യൂലിംഗിന് 39 മില്യണ്‍ യൂറോയും ഈസിജെറ്റിന് 29 മില്യണ്‍ യൂറോയും ലോ കോസ്റ്റ് സ്പാനിഷ് വിമാനക്കമ്പനിയായ വോലോട്ടിയയ്ക്ക് 1.2 മില്യണും പിഴ ചുമത്തി.
വലിയ ക്യാബിന്‍ ലഗേജുകള്‍ക്ക് അധിക പണം ആവശ്യപ്പെടുന്നതും യാത്രക്കാര്‍ക്ക് സമീപമായി ആശ്രിതരായ കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും സീറ്റ് റിസര്‍വ് ചെയ്യുന്നതിനുമായി അധികം പണം ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴയ്‌ക്കെതിരെ അപ്പീല്‍ പോകാന്‍ വിമാന കമ്പനികള്‍ക്ക് സാവകാശമുണ്ട്. എന്നാല്‍ അപ്പീല്‍ തള്ളുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയാണ് വിമാന കമ്പനികള്‍ നേരിടാന്‍ പോകുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ആറ് വര്‍ഷമായി തങ്ങള്‍ പ്രചാരണം നടത്തുകയാണെന്ന് പ്രാരംഭ പരാതി നല്‍കിയ ഉപഭോക്തൃ അവകാശ ഗ്രൂപ്പുകളിലൊന്നായ ഫാകുവ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു . വിമാനക്കമ്പനികള്‍ക്കെതിരെ നിയമപരമായ കേസിന് തയ്യാറെടുക്കുകയാണെന്ന് അവര്‍ പറഞ്ഞു. യാത്ര ചെയ്ത സമയം മുതല്‍ 5 വര്‍ഷത്തേയ്ക്ക് വിമാനയാത്രക്കാര്‍ ഇങ്ങനെയുള്ള കേസുകളില്‍ റീഫണ്ടിനായി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. വക്കീലില്ലാതെ തന്നെ നേരിട്ട് പരാതി നല്‍കിയാല്‍ മതിയാകും.