ബ്രിട്ടനില്‍ ദയാവധം നിയമ വിധേയമാക്കാനുള്ള ബില്ലിനെ എതിര്‍ക്കുന്നതായി ജസ്റ്റിസ് സെക്രട്ടറി ഷബാന മെഹ്‌മൂദ് തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തയച്ചു. ബില്ലില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ മന്ത്രിസഭയിലും ഭിന്നത വ്യക്തമായി. അതേസമയം, മൂന്നില്‍ രണ്ട് വോട്ടര്‍മാരും ആശയത്തെ പിന്തുണയ്ക്കുന്നതായി മോര്‍ ഇന്‍ കോമണ്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കി. പ്രധാനമായും എതിര്‍ക്കുന്ന ഏഴ് പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ മതപരമായ ആശയങ്ങള്‍ അധികമുള്ളവരാണ്, മുസ്ലീങ്ങളാണ് ഇവരില്‍ മുന്നില്‍.
ഏറ്റവും അധിക കാലം എംപിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ലേബര്‍ പാര്‍ട്ടി എംപി ഡയാന്‍ ആബട്ടും കണ്‍സര്‍വേറ്റിവ് എംപി സര്‍ എഡ്വേര്‍ഡ് ലീയും ബില്ലിനെതിരെ പ്രസ്താവനയിറക്കി. ധൃതിയില്‍ ഇതു നടപ്പാക്കിയാല്‍ ദുര്‍ബലരായ ആളുകള്‍ അപകടത്തിലാകുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
വിവിധ എംപിമാര്‍ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടില്ല. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഉള്‍പ്പെടെ എതിര്‍ക്കുന്നുണ്ടെങ്കിലും കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ അധികം പേരും ബില്ലിനെ അനുകൂലിച്ചേക്കും. |