കെന്റ്: യുകെയില്‍ പരീക്ഷണ ഓട്ടത്തിന് ഒരുങ്ങി ഡ്രൈവറില്ലാത്ത ബസുകള്‍. കെന്റിലെ സെന്‍ഡ്രല്‍ മില്‍ട്ടണ്‍ കെയിന്‍സിലാണ് സ്വയം ഓടുന്ന ബസുകള്‍ വെള്ളിയാഴ്ച നിരത്തില്‍ ഇറങ്ങുന്നത്. ന്യൂസിലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന നിര്‍മാതാക്കളായ ഒഹ്‌മിയോ ഓട്ടോമോഷന്‍ ലിമിറ്റഡ് ആണ് യുകെയില്‍ ഡ്രൈവര്‍ ഇല്ലാത്ത ബസുകള്‍ നിരത്തില്‍ ഇറക്കുന്നത്. സാധാരണ ബസുകളെ പോലുള്ള ഉള്‍വശമാണെങ്കിലും ഇതില്‍ ഡ്രൈവര്‍ സീറ്റും സ്റ്റിയറിങും ഇല്ലെന്നതാണ് സവിശേഷതകള്‍. സീറ്റുകളുടെ എണ്ണവും ബസിന്റെ നീളവും കുറവാണ്.
പരീക്ഷണം വിജയകരമായാല്‍ സര്‍ക്കാര്‍ പിന്തുണയോടെ ഇത്തരം സര്‍വീസുകള്‍ വ്യാപകമാക്കാനാണ് പദ്ധതി. പരീക്ഷണത്തിന് തയാറെടുക്കുന്നതിന് മുന്നോടിയായി യുകെയുടെ വിവിധ പ്രദേശങ്ങളില്‍ ഒഹ്‌മിയോ ബസിന്റെ പ്രദര്‍ശനം നടത്തിയിരുന്നു. പൊതുഗതാഗതത്തിനായി ബസുകള്‍ ഉപയോഗിക്കുന്നവര്‍ മറ്റ് രാജ്യങ്ങളിലെ പോലെ വ്യാപകമല്ലെങ്കിലും ഏറെ ആകാംഷയോടെയാണ് ബസിന്റെ പരീക്ഷണ ഓട്ടത്തിനായി പൊതുജനം കാത്തിരിക്കുന്നത്. കെന്റില്‍ ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെയാണ് ഡ്രൈവറില്ലാ ബസുകളുടെ പരീക്ഷണ ഓട്ടം.