കോട്ടയം: ആര്‍ദ്രതയിറ്റുന്ന വാക്കും സ്പര്‍ശവും പരിചരണവുമാണ് അഷ്ബി ബേബിയുടെ സമ്പത്ത്. സ്‌നേഹഭരിതമായ ആ കര്‍മവഴിയില്‍ അംഗീകാരത്തിന്റെ മുദ്ര ചാര്‍ത്തുകയാണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍. അവരുടെ നഴ്‌സിങ് ഹോംസ് ദേശീയ അംഗീകാരം മള്ളൂശേരി കാരിയില്‍ അഷ്ബിക്കാണ്. ഒഫലി കൗണ്ടിയില്‍ ടുലമോറിലെ നഴ്‌സിങ് ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ അഷ്ബിയെ തേടി ഈ അംഗീകാരം എത്തിയതിനു പിന്നിലൊരു കഥയുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് അഷ്ബി അയര്‍ലന്‍ഡിലെത്തിയത്. ജോലി ലഭിച്ച നഴ്‌സിങ് ഹോമില്‍ 88 വയസ്സുകാരനായ കേള്‍വിപരിമിതിയുള്ള മൈക്കിള്‍ ഫോളിയെ പരിചരിച്ചത് അഷ്ബിയാണ്. അദ്ദേഹത്തോട് സംസാരിച്ചിരുന്നത് കടലാസില്‍ എഴുതി നല്‍കിയാണ്.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വരുമ്പോള്‍ ആംഗ്യഭാഷയില്‍ സംസാരിക്കുന്നത് കണ്ടുപഠിച്ചു. ആംഗ്യഭാഷയില്‍ സംസാരം തുടങ്ങിയത് അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും സന്തോഷമായി. സ്‌നേഹം നിറഞ്ഞ ആ പരിചരണമികവ് പുരസ്‌കാരത്തിനു മുഖ്യകാരണമായി. 420 നഴ്‌സിങ് ഹോമുകളിലെ ജീവനക്കാരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. പരിചരണം നല്‍കുന്ന കുടുംബങ്ങളുടെ അഭിപ്രായം ശേഖരിച്ചാണ് പുരസ്‌കാരനിര്‍ണയം. കഴിഞ്ഞദിവസം ഡബ്ലിന്‍ മാന്‍ഷന്‍ ഹൗസില്‍ ധനമന്ത്രി ജാക്ക് ചേംബേര്‍സ് പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങില്‍ സാരി ധരിച്ച് എത്തിയ അഷ്ബിക്ക് മന്ത്രിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിനന്ദനം കിട്ടി. ഷിനോ ചാണ്ടിയാണ് അഷ്ബിയുടെ ഭര്‍ത്താവ്. മക്കള്‍: ആല്‍ബിന്‍, അലോന,അലക്‌സി.