ലണ്ടന്‍: കഴിഞ്ഞ വാരാന്ത്യത്തില്‍ വീശിയടിച്ച 'ബെര്‍ട്ട്' കൊടുങ്കാറ്റ് വിതച്ച കനത്ത നാശനഷ്ടങ്ങളും ദുരിതവും ഒഴിയും മുന്‍പ് മറ്റൊരു കൊടുങ്കാറ്റ് കൂടി യുകെയിലേക്ക് എത്തി. 'കോനാല്‍' എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും തെക്കന്‍ ഇംഗ്ലണ്ടിനും വെയില്‍സിനും മുകളിലൂടെ കടന്നുപോയപ്പോള്‍ കുറച്ചു ബുദ്ധിമുട്ടുകള്‍ വിവിധ പ്രദേശങ്ങളില്‍ സൃഷ്ടിച്ചു. കോനാല്‍ കൊടുങ്കാറ്റ് നെതര്‍ലന്‍ഡ്സിലേക്ക് നീങ്ങുമ്പോള്‍ ശക്തിപ്പെടുമെന്നാണ് യുകെയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് പ്രവചിച്ചിരുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രവചനമുണ്ട്.
മെറ്റ് ഓഫിസ് പുറപ്പെടുവിച്ച വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ പരമാവധി കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. 152 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് ഇപ്പോള്‍ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ നിലവിലുള്ളത്. കോനാല്‍ കൊടുങ്കാറ്റ് ഇംഗ്ലണ്ടിന് മുകളിലൂടെ കടന്നുപോയപ്പോള്‍ ചില പ്രദേശങ്ങളില്‍ ഏകദേശം 20 മുതല്‍ 50 മില്ലീമീറ്റര്‍ വരെ മഴ പെയ്തു. എന്നാല്‍ ബെര്‍ട്ട് കൊടുങ്കാറ്റിന്റെ സമയത്ത് വെള്ളപ്പൊക്കമുണ്ടായ പല പ്രദേശങ്ങളില്‍ മഴ കുറഞ്ഞു. ബെര്‍ട്ട് കൊടുങ്കാറ്റ് കാര്യമായി ബാധിക്കാതിരുന്ന പ്രദേശങ്ങളിലാണ് കോനാല്‍ ബാധിക്കുവാന്‍ സാധ്യത എന്നാണ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്ന സൂചന. ലിങ്കണ്‍ഷെയര്‍, പീക്ക് ഡിസ്ട്രിക്റ്റ്, മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ കനത്ത മഴ ഉണ്ടാകും എന്നാണ് പ്രവചനം. നോര്‍ഫോക്ക്, സഫോള്‍ക്ക്, എസക്‌സ്, കെന്റ്എന്നീ തീരപ്രദേശങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെടും.
കഴിഞ്ഞ വാരാന്ത്യത്തില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് കൊണ്ടുവന്ന കനത്ത മഴയും ശക്തമായ കാറ്റും മൂലം വിവിധ പ്രദേശങ്ങളില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. വീടുകള്‍, റോഡുകള്‍, റെയില്‍ പാളങ്ങള്‍ എന്നിവ വെള്ളത്തില്‍ മുങ്ങുകയും ഗതാഗത തടസങ്ങള്‍ ഉണ്ടാവുകയും ചെയ്തു. മിക്കയിടങ്ങളിലും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു. വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിന് അടിയില്‍ ആയതിനെ തുടര്‍ന്ന് പല കമ്മ്യൂണിറ്റികളിലും ഇപ്പോഴും വൃത്തിയാക്കല്‍ പുരോഗമിക്കുകയാണ്. അപ്പോഴാണ് കോനാലിന്റെ വരവ്. ഇത് ദുരിതവും നാശനഷ്ടങ്ങളും ഇരട്ടിയാക്കുമെന്നും കണക്കാക്കപ്പെടുന്നു. യുകെയില്‍ മുന്‍പുണ്ടായ ആഷ്ലിക്കും ബെര്‍ട്ടിനും ശേഷം സീസണിലെ മൂന്നാമത്തെ കൊടുങ്കാറ്റ് ആണ് കോനാല്‍.