ലണ്ടന്‍: അവിഹിത ബന്ധത്തിലുണ്ടായ സ്വന്തം കുഞ്ഞിനെ 3 വര്‍ഷത്തോളം ഡ്രോയറിനുള്ളില്‍ ഒളിപ്പിച്ച് വളര്‍ത്തിയ സ്ത്രീക്ക് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ച് യുകെയിലെ കോടതി. വീടിനുള്ളില്‍ നിലവിലുള്ള പങ്കാളി പോലും അറിയാതെ ആയിരുന്നു കുട്ടിയെ വളര്‍ത്തിയത്. പകല്‍ വെളിച്ചം കാണാതെയും ജനനം നല്‍കിയ സ്ത്രീയുടെ അല്ലാതെ മറ്റൊരാളുടെ മുഖം കാണാതെയും കൊടും കുറ്റവാളികള്‍ ജയില്‍ വാസം അനുഭവിക്കുന്നത് പോലെയുള്ള അവസ്ഥയായിരുന്നു കുട്ടിയുടേത്.
2020 മാര്‍ച്ചില്‍ ചെഷയറിലെ വീട്ടില്‍ ബാത്ത് ടബ്ബിലാണ് പെണ്‍കുട്ടി ജനിച്ചതെങ്കിലും രഹസ്യമായി സൂക്ഷിക്കുക ആയിരുന്നു. 2023 ഫെബ്രുവരിയില്‍ സ്ത്രീയുടെ പങ്കാളി യാദൃശ്ചികമായി കുട്ടിയെ കണ്ടെത്തിയതാണ് വഴിത്തിരിവായത്. പോഷകാഹാരക്കുറവ് മൂലം നടക്കാനോ സംസാരിക്കാനോ കഴിയാതെ മൃതപ്രായമായ രീതിയിലായിരുന്നു പെണ്‍കുട്ടി. കുട്ടിയുടെ ജനനം റജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് കേസെടുത്ത ചെഷെയര്‍ പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവുമായി തനിക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായി സ്ത്രീ പിന്നീട് വെളിപ്പെടുത്തി.
താന്‍ ഗര്‍ഭിണിയാണെന്ന് അയാളോട് പറയാന്‍ ആഗ്രഹിച്ചില്ലെന്ന് നിയമപരമായ കാരണങ്ങളാല്‍ പേരു വെളിപ്പെടുത്താന്‍ സാധിക്കാത്ത യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. മെഡിക്കല്‍ വിദഗ്ധര്‍ പെണ്‍കുട്ടിയെ പരിശോധിച്ചപ്പോള്‍ അവള്‍ക്ക് ഇഴയാനോ നടക്കാനോ സംസാരിക്കാനോ ആശയവിനിമയം നടത്താനോ ശബ്ദമുണ്ടാക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കുട്ടിയെ ഡ്രോയറിനുള്ളില്‍ തളച്ചിട്ട സ്ത്രീക്ക് 7 വര്‍ഷം തടവാണ് ചെസ്റ്ററിലെ കോടതിയില്‍ ജഡ്ജ് സ്റ്റീവന്‍ എവററ്റ് വിധിച്ചത്.