ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) റെയ്ഡ്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി അശ്ലീല ഉള്ളടക്കം വിതരണം ചെയ്യുകയും നിര്‍മിക്കുകയും ചെയ്‌തെന്ന കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കുന്ദ്രയുടെ ജുഹുവിലുള്ള വീട് ഉള്‍പ്പെടെ 15 ഇടങ്ങളിലായിരുന്നു പരിശോധന.
2021 ജൂലൈയില്‍ വെബ് സീരീസില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി അശ്ലീലചിത്രീകരണത്തിന് നിര്‍ബന്ധിച്ചതായി നാല് സ്ത്രീകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 സെപ്റ്റംബറിലാണ് ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് മോചിതനായത്. മൊബൈല്‍ ആപ്പ് വഴി രതിചിത്രവിപണനം, ഇന്ത്യയില്‍ നിര്‍മിച്ച ചിത്രങ്ങള്‍ വിദേശത്ത് വിറ്റഴിക്കല്‍ എന്നിവ വഴി വന്‍തോതില്‍ പണം സമ്പാദിച്ചെന്നാണ് ആരോപണത്തെ തുടര്‍ന്ന് 2022ലും രാജ് കുന്ദ്രയ്‌ക്കെതിരെ ഇ ഡി കേസെടുത്തിരുന്നു. |