Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 05th Dec 2024
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ വോട്ടെടുപ്പ് ആരംഭിച്ചു, ജനം പോളിങ് ബൂത്തിലേക്ക്, തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മലയാളി നഴ്‌സും
reporter

ഡബ്ലിന്‍: മൂന്നാഴ്ച നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്ക് ശേഷം അയര്‍ലന്‍ഡില്‍ ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു. ജനം ഇന്ന് രാവിലെ 7 മുതല്‍ പോളിങ് ബൂത്തിലേക്ക് എത്തി തുടങ്ങി. ഇന്ന് രാത്രി 10 വരെ വോട്ട് രേഖപ്പെടുത്താം. 43 മണ്ഡലങ്ങളിലായി 174 പാര്‍ലമെന്റ് സീറ്റുകളാണ് രാജ്യത്തുള്ളത്. ഏകദേശം 35 ലക്ഷത്തോളം പേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐറിഷ് പൗരന്‍മാര്‍ക്ക് പുറമെ അയര്‍ലന്‍ഡില്‍ താമസിക്കുന്ന ബ്രിട്ടിഷ് പൗരന്‍മാര്‍, ഐറിഷ് പൗരത്വം സ്വീകരിച്ച ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യാക്കാര്‍ വോട്ടവകാശമുണ്ട്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ട ഫിനഗേല്‍, ഫിനാഫാള്‍, ഗ്രീന്‍ പാര്‍ട്ടി മുന്നണിയാണ് നിലവിലെ രാജ്യം ഭരിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വേവ്വേറെയാണ് മത്സരം. ഫിനഗേല്‍ നേതാവായ സൈമണ്‍ ഹാരിസ് ആയിരുന്നു നിലവിലെ പ്രധാനമന്ത്രി.

ഇത്തവണ പാലാ സ്വദേശിനിയായ മലയാളി നഴ്‌സും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഫിനഫാള്‍ പാര്‍ട്ടിയാണ് കോട്ടയം പാലാ സ്വദേശിനിയും ഡബ്ലിന്‍ മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്‌സുമായ മഞ്ജു ദേവിയെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നത്. അയര്‍ലന്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി പാര്‍ലമെന്റിലേക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയാകുന്നത്. ഡബ്ലിന്‍ ഫിംഗാല്‍ ഈസ്റ്റ് മണ്ഡലത്തിലാണ് മഞ്ജു മത്സരിക്കുന്നത്. നിലവിലെ അയര്‍ലന്‍ഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ' ബ്രീന് ഒപ്പം രണ്ടാം സ്ഥാനാര്‍ഥിയായാണ് മഞ്ജു മത്സരിക്കുക. വിജയിച്ചാല്‍ അയര്‍ലന്‍ഡില്‍ നിന്നും ആദ്യമായി ഒരു മലയാളി കൂടി പാര്‍ലമെന്റില്‍ എത്തും. ശനിയാഴ്ച രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കുമെങ്കിലും ഞായാറാഴ്ച വൈകുന്നേരത്തോടെ മാത്രമെ അയര്‍ലന്‍ഡില്‍ ആരാണ് ഭരണത്തില്‍ എത്തുകയെന്ന് അറിയാന്‍ കഴിയൂ. ബാലറ്റ് സമ്പ്രദായത്തിലുള്ള വോട്ടിങ് ആയതിനാല്‍ ആണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വൈകുന്നത്.

ഭവന പ്രതിസന്ധി, ജീവിതച്ചെലവ് വര്‍ധന, കുടിയേറ്റ പ്രശ്നങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണക്കുറവ്, ചൈല്‍ഡ് കെയര്‍ ചെലവ് വര്‍ധന എന്നിവ ഉള്‍പ്പടെ ഒട്ടനവധി പ്രശ്നങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. അതേസമയം രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് പാര്‍ട്ടികളായ ഫിനഗേല്‍, ഫിനാഫാള്‍, സിന്‍ഫെയിന്‍ എന്നിവ തമ്മില്‍ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടത്തുകയെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. റെഡ് സി - ബിസിനസ് പോസ്റ്റിന്റെ സര്‍വേയില്‍ ഫിനാഫാള്‍ 21%, ഫിനഗേല്‍ 20%, സിന്‍ഫെയിന്‍ 20% എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്കുള്ള ജനപിന്തുണ. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷമായിരുന്ന സിന്‍ഫെയിന്‍ പാര്‍ട്ടിക്ക് ഒരു ഘട്ടത്തില്‍ വന്‍ ജനപിന്തുണ ഉണ്ടായിരുന്നെങ്കിലും പിന്നീട് വലിയ രീതിയില്‍ കുറയുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനോട് അടുത്ത ദിനങ്ങളില്‍ പിന്തുണയില്‍ വര്‍ധന ഉണ്ടായി. ഇതോടെ നേരത്തെ വലിയ വിജയപ്രതീക്ഷയുണ്ടായിരുന്ന ഫിനഗേല്‍, ഫിനാഫാള്‍ എന്നിവര്‍ക്ക് സിന്‍ഫെയിന്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. പോളിങ് അവസാനിച്ച് ഇന്ന് രാത്രി 10 ന് ശേഷം അയര്‍ലന്‍ഡിലെ പ്രമുഖ ബ്രോഡ്കാസ്റ്റിങ് സ്ഥാപനമായ ആര്‍ടിഇ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window