ലണ്ടന്‍/കാസര്‍കോട്: ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട് സ്വദേശിനി. ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ കാസര്‍കോട് നിന്നും കുടിയേറി താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമായ മുന ഷംസുദീനാണ് ചാള്‍സിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു മുന ഷംസുദീന്റെ നിയമനം നടന്നത്. എന്നാല്‍ പ്രൈവറ്റ് സെക്രട്ടറി മലയാളിയാണെന്ന വിവരം ഇപ്പോഴാണ് വ്യാപകമായി പുറംലോകമറിഞ്ഞത്. മുന മുന്‍പ് ജറുസലേമിലെയും ഇസ്ലാമാബാദിലെയും ബ്രിട്ടിഷ് ഹൈക്കമ്മിഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലണ്ടനിലെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഡെവലപ്‌മെന്റ് ഓഫിസില്‍ ജോലി ചെയ്ത് വരികയാണ് അഭിമാനകരമായ പുതിയ പദവിയിലേക്ക് എത്തിയത്. ഇതോടെ യുകെ മലയാളി സമൂഹത്തിനിടയില്‍ താരമായി മാറിയിരിക്കുകയാണ് മുന ഷംസുദീന്‍. നോട്ടിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് മാത്തമാറ്റിക്‌സ് ആന്‍ഡ് എഞ്ചിനീയറിങില്‍ ബിരുദം നേടിയ ശേഷം ബ്രിട്ടിഷ് വിദേശകാര്യ സര്‍വീസില്‍ ചേരുകയായിരുന്നു മുന. തുടര്‍ന്ന് ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി. ചാള്‍സ് രാജാവിന്റെ ദൈനംദിന പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല മുന അടങ്ങിയ ഉദ്യോഗസ്ഥ സംഘത്തിനാണ്. വിദേശ യാത്രകളില്‍ രാജാവിനൊപ്പം സഞ്ചരിക്കുകയും വേണം.
കാസര്‍കോട് തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദീന്റെയും ഷഹനാസിന്റെയും മകളാണ് മുന. മുനയുടെ പിതാവ് കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകന്‍ ആയിരുന്ന പരേതനായ അഡ്വ. പി. അഹ്‌മദിന്റെയും സൈനബിയുടെയും മകനാണ്. യുഎസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവര്‍ത്തിച്ച ഷംസുദീന്‍ ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ കുടുംബ സമേതം സ്ഥിരതാമസമാവുകയായിരുന്നു. കുട്ടിക്കാലത്ത് മുന കുടുംബാംഗങ്ങളോടൊപ്പം എല്ലാ വര്‍ഷവും കാസര്‍കോട് വന്നിരുന്നു. ഏറ്റവുമൊടുവില്‍ 10 വര്‍ഷം മുന്‍പാണ് വന്നത്. യുഎന്‍ ഉദ്യോഗസ്ഥനായ ഡേവിഡാണ് മുനയുടെ ഭര്‍ത്താവ്.