ലണ്ടന്‍: ഹാരി പോട്ടര്‍ പുസ്തകങ്ങളെ കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ ഈ മാന്ത്രികനോവല്‍ കുട്ടികളുടെ മാത്രമല്ല എല്ലാ പ്രായത്തില്‍ പെട്ടവരുടെയും ഇഷ്ടപുസ്തകങ്ങളില്‍ പെട്ടവയാണ്. ഇപ്പോഴിതാ, 'ഹാരി പോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്സ് സ്റ്റോണി'ന്റെ ആദ്യ പതിപ്പുകളില്‍ ഒന്ന് 36,000 പൗണ്ടിന് ലേലത്തില്‍ വിറ്റിരിക്കുകയാണ്. ഏകദേശം 38 ലക്ഷത്തിലധികം രൂപ വരും ഇത്. 1997 -ല്‍ വെറും 10 പൗണ്ടിന് (ഏകദേശം 1,068 രൂപ) വാങ്ങിയ പുസ്തകമാണ് ഇപ്പോള്‍ 38 ലക്ഷത്തിന് വിറ്റിരിക്കുന്നത്. ബുധനാഴ്ച സ്റ്റാഫോര്‍ഡ്‌ഷെയറിലെ ലിച്ച്ഫീല്‍ഡിലാണ് ലേലം നടന്നത്. വാങ്ങുന്നയാളുടെ പ്രീമിയം ഉള്‍പ്പടെ £45,000 അതായത്, ഏകദേശം 50 ലക്ഷത്തിനാണ് ലേലം അവസാനിച്ചത്. ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ആദ്യസമയത്ത് അച്ചടിച്ച 500 ഹാര്‍ഡ്ബാക്ക് കോപ്പികളില്‍ ഒന്നാണ് ഈ പുസ്തകം. അത് തന്നെയാണ് ഈ പുസ്തകത്തെ അപൂര്‍വമായ ഒന്നാക്കി മാറ്റുന്നതും.
സ്ട്രാറ്റ്‌ഫോര്‍ഡ്-ഓണ്‍-അവോണില്‍ നിന്ന് ക്രിസ്റ്റീന്‍ മക്കല്ലോക്കാണ് അന്ന് പുസ്തകം വാങ്ങിയത്. മകന്‍ ആദമിന് വേണ്ടിയായിരുന്നു വാങ്ങിയത്. വര്‍ഷങ്ങളായി ചെസ്റ്റര്‍ഫീല്‍ഡിലെ അവരുടെ കുടുംബവീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പുസ്തകത്തിന്റെ ഭാവിമൂല്യം അക്കാലത്ത് ക്രിസ്റ്റീനോ ആദമോ തിരിച്ചറിഞ്ഞിരുന്നേയില്ല. 2020 -ലെ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ഹാരിപോര്‍ട്ടറിന്റെ ആദ്യ പതിപ്പുകള്‍ വലിയ വിലയ്ക്ക് വിറ്റുപോകുന്ന വാര്‍ത്തകള്‍ ആദം വായിച്ചത്. അപ്പോഴാണ് തന്റെ വീട്ടിലിരിക്കുന്ന പുസ്തകത്തിന്റെ മൂല്ല്യത്തെ കുറിച്ച് ആദം ബോധ്യവാനായത്. പുസ്തകത്തിന്റെ മൂല്ല്യം തിരിച്ചറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല എന്നാണ് ആദം പറയുന്നത്. കാലത്തിന്റേതായ പഴക്കവും അടയാളങ്ങളും ഈ പുസ്തകത്തിനുണ്ട്. അതേസമയം, ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ് 'ഹാരി പോട്ടര്‍ ആന്റ് ദ ഫിലോസഫേഴ്‌സ് സ്റ്റോണ്‍'. 1997 ജൂണ്‍ 30 -നാണ് ബ്ലൂംസ്‌ബെറി പ്രസിദ്ധീകരിച്ച ഈ പുസ്തകം ലണ്ടനില്‍ പ്രകാശനം ചെയ്തത്.