275നെതിരെ 330 വോട്ടുകള്‍ക്ക് ബില്ല് പാസായി. വികാരപരമായ പ്രസംഗങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമൊടുവിലാണ് ബില്‍ പാസായത്. എതാനും മാസങ്ങള്‍ നീളുന്ന മറ്റ് പാര്‍ലമെന്ററി നടപടികള്‍കൂടി പൂര്‍ത്തിയായാല്‍ ബില്ല് നിയമമായി മാറും. ഇതോടെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രായപൂര്‍ത്തിയായ ഒരു രോഗിക്ക് ആറു മാസത്തിനുള്ളില്‍ മരണം ഉറപ്പാണെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ വൈദ്യസഹായത്തോടെ മരണം വരിക്കാന്‍ അവസരമുണ്ടാകും. കത്തോലിക്കാ സഭയും നിരവധി സാമൂഹിക സംഘടനകളും ആക്ടിവിസ്റ്റുകളുമെല്ലാം തുറന്ന് എതിര്‍ത്ത ബില്ലിന് വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.
ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ തന്നെ ബില്ലിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്ത് എത്തി. ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഇതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ തടിച്ചുകൂടി. ബില്ലിനെ എതിര്‍ക്കുന്നവര്‍ നിരാശയോടെയും അനുകൂലിക്കുന്നവര്‍ ആഹ്ലാദാരവങ്ങളോടെയുമാണ് പാര്‍ലമെന്റില്‍ നിന്നുള്ള വാര്‍ത്തയെ എതിരേറ്റത്. |