സഹായത്തോടെയുള്ള ആത്മഹത്യയെന്ന് വിമര്‍ശകരും വേദനകളുടെയും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ലോകത്തുനിന്നും മോചനം നേടാനുള്ള മാര്‍ഗമെന്ന് അനുകൂലിക്കുന്നവരും പറയുന്ന ബ്രിട്ടനിലെ വിവാദമായ പുതിയ നിയമത്തിന്റെ വിശദാംങ്ങള്‍ ഇങ്ങനെ. ആറുമാസത്തിനുള്ളില്‍ മരണം ഉറപ്പായ പ്രായപൂര്‍ത്തിയായ രോഗികള്‍ക്ക് വൈദ്യ സഹായേെത്താടെ മരണം വരിക്കാനുള്ള ബില്ലിന് ഇന്നലെയാണ് ബ്രിട്ടിഷ് പാര്‍ലമെന്റ് പ്രാഥമിക അംഗീകാരം നല്‍കിയത്. എല്ലാ പാര്‍ട്ടികളിലും ബില്ലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടായിരുന്നു. എങ്കിലും ബില്ല് വോട്ടിനിട്ടപ്പോള്‍ 25 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാസായി. 'ടെര്‍മിനലി ഇല്‍ അഡല്‍ട്ട്‌സ് (എന്‍ഡ് ഓഫ് ലൈഫ്) ബില്ല്' എന്നാണ് പുതിയ നിയമത്തിന്റെ പേര്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കു വേണ്ടി മാത്രമുള്ള നിയമമാണിത്. ബില്ല് നിയമമായാല്‍ ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും ഇവിടെ ഏതെങ്കിലും ജിപിയുടെ കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കു മാത്രമേ ഈ അവകാശം ലഭ്യമാകൂ.
ബാഹ്യ സമ്മര്‍ദമില്ലാതെ സ്വബോധത്തോടെ മരണം തിരഞ്ഞെടുക്കാനുള്ള മാനസിക ശേഷിയുള്ളവര്‍ക്കു മാത്രമേ ഇതിന് അര്‍ഹതയുണ്ടാകൂ. ആറു മാസത്തില്‍ കൂടുതല്‍ ഇവര്‍ ജീവിച്ചിരിക്കില്ല എന്ന മെഡിക്കല്‍ സാഹചര്യവും ഉണ്ടാകണം. മരണം വരിക്കാനുള്ള സമ്മതം എഴുതി നല്‍കുന്ന രണ്ട് സത്യവാങ്മൂലം ഇതിനായി ആവശ്യമുണ്ട്. മറ്റൊരാളുടെ സാക്ഷ്യപ്പെടുത്തലോടെ സ്വന്തമായോ മുക്ത്യാര്‍ (പ്രോക്‌സി) രേഖയായോ ഇത് സമര്‍പ്പിക്കാം. രോഗി സ്വയം മരിക്കാന്‍ അര്‍ഹനാണെന്ന് രണ്ടു ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ ഇടവേളയില്‍ വ്യത്യസ്തമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണം. ഇതിനു ശേഷം ഒരു ഹൈക്കോടതി ജഡ്ജി രോഗിയില്‍ നിന്നും രോഗിയെ പരിശോധിച്ച രണ്ടു ഡോക്ടര്‍മാരില്‍ ഒരാളില്‍നിന്നും മൊഴി രേഖപ്പെടുത്തി അന്തിമ തീരുമാനം കൈക്കോള്ളണം, ഇതിനായി വേണമെങ്കില്‍ രോഗിയുടെ അടുത്ത ബന്ധുക്കളുമായോ മെഡിക്കല്‍ ടീമിലെ യോഗ്യരായ മറ്റാരെങ്കിലുമായോ ജഡ്ജിക്ക് ബന്ധപ്പെടാം. ഇത്തരത്തില്‍ ജഡ്ജി മരിക്കാനുള്ള അനുമതി നല്‍കിയാലും 14 ദിവസത്തിനു ശേഷമേ ഈ തീരുമാനം നടപ്പാക്കാനാകൂ. എന്നാല്‍ ചില പ്രത്യേക സാഹര്യങ്ങളില്‍ ഇത് 48 മണിക്കൂറായി ചുരുക്കാമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്.
മരിക്കാന്‍ രോഗിക്ക് അനുമതി നല്‍കിയാല്‍ അതിനു സഹായിക്കുന്ന പദാര്‍ഥം തയാറാക്കി നല്‍കുകയോ നിര്‍ദേശിക്കുകയോ ചെയ്യേണ്ടത് ഡോക്ടറാണ്. എന്നാല്‍ ഇത് ഏത് മരുന്നാണെന്ന് ബില്ല് നിഷ്‌കര്‍ഷിക്കുന്നില്ല. രോഗി തനിയെയാണ് ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് കഴിക്കേണ്ടത്. ഡോക്ടറോ മറ്റ് മെഡിിക്കല്‍ സ്റ്റാഫോ ഈ മരുന്ന് രോഗിക്ക് നല്‍കാന്‍ പാടില്ല. എന്നാല്‍ രോഗി തനിയെ മരുന്ന് കഴിച്ച് മരണം വരിക്കുന്നതു വരെ ഡോക്ടര്‍ കൂടെ നില്‍ക്കണം. മരിച്ചാല്‍ മരണം സ്ഥിരീകരിക്കണം. മരിച്ചില്ലെങ്കില്‍ ഉദ്യമം പരാജയപ്പെട്ടതായും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണം. അവസാന നിമിഷം രോഗി മരുന്ന് കഴിക്കുന്നില്ല എന്നു തീരുമാനമെടുത്താല്‍ ഉടര്‍ തന്നെ ഡോക്ടര്‍ ഈ മരുന്ന് രോഗിയുടെ പക്കല്‍നിന്നും മാറ്റണം. ഈ നിയമം പ്രാബല്യത്തിലായാല്‍ ഇതു നടപ്പാക്കാനായി ഒരു ഡോക്ടറെയും നിര്‍ബന്ധിക്കാനാവില്ല. (ആരാച്ചാരുടെ പണിക്ക് ആരെങ്കിലും തയാറല്ലെങ്കില്‍ അവരെ നിര്‍ബന്ധിക്കാനാവില്ലെന്ന് ചുരുക്കം.) ഇതിനെല്ലാം ഉപരി ഈ നിയമം ആരെങ്കിലും ദുരുപയോഗം ചെയ്താല്‍ അവരെ കാത്തിരിക്കുന്നത് 14 വര്‍ഷം ജയില്‍വാസം അടക്കമുള്ള ശിക്ഷയുമായിരിക്കും.
സ്‌കോട്ട്‌ലന്‍ഡില്‍ സമാനമായ നിയമം നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ബ്രിട്ടന്റെ ഭാഗമായ ജേഴ്‌സി, ഐല്‍ ഓഫി മാന്‍ തുടങ്ങിയ ഉപദ്വീപുകളിലും ഈ നിയമം പ്രാബല്യത്തിലാക്കാന്‍ ഒരുങ്ങുകയാണ് പ്രാദേശിക ഭരണകൂടങ്ങള്‍. രോഗിയുടെയോ തൊട്ടടുത്ത ബന്ധുക്കളുടെയോ അനുമതിയോടെ ആരോഗ്യപ്രവര്‍ത്തകര്‍ മരുന്ന് നല്‍കി മരണത്തിന് സഹായിക്കുന്ന ദയാവധത്തില്‍നിന്നും (യൂത്തനേഷ്യ) തികച്ചും വ്യത്യസ്തമാണ് വൈദ്യസഹായത്തോടെ സ്വയം മരിക്കാന്‍ അനുമതി നല്‍കുന്ന ഈ പുതിയ നിയമം. ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയുള്ള ആത്മഹത്യ എന്നേ ബ്രിട്ടന്റെ ഈ പുതിയ നിയമത്തെ വിശേഷിപ്പിക്കാനാകൂ.