ലണ്ടന്‍: ബ്രിട്ടണിലെ സ്റ്റാര്‍മര്‍ ഭരണകൂടം ഗള്‍ഫ് രാജ്യങ്ങളുമായി കൂടുതല്‍ ശക്തമായ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ സാധ്യമാക്കുകയാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യം. ഗള്‍ഫ് രാജ്യങ്ങള്‍ ബ്രിട്ടനിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ വഴി നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. കരാര്‍ സാധ്യമായാല്‍ നിര്‍മാണം, സാങ്കേതിക വിദ്യ, തുടങ്ങിയ മേഖലകളില്‍ ബ്രിട്ടനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ താത്പര്യപ്പെടും. അറബ് രാജ്യങ്ങളുമായി നല്ല രീതിയിലുള്ള ബന്ധമാണ് ഇപ്പോള്‍ ബ്രിട്ടണ്‍ ഭരണകൂടം ലക്ഷ്യമിടുന്നത്. എണ്ണ സമ്പന്ന രാജ്യങ്ങളുമായുള്ള വ്യാപാര കരാറിന്റെ പ്രതീക്ഷകള്‍ക്കിടയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കള്‍ക്കായി ചുവന്ന പരവതാനി വിരിക്കാന്‍ തയ്യാറെടുക്കുകയാണ് സ്റ്റാര്‍മര്‍ ഭരണകൂടം. അതിനായി ബ്രിട്ടീഷ് രാജകുടുംബത്തിനാണ് ഈ ദൗത്യം വന്നുചേര്‍ന്നിരിക്കുന്നത്. ഈ ആഴ്ച ചാള്‍സ് രാജാവ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെയും അദ്ദേഹത്തിന്റെ മൂന്ന് ഭാര്യമാരില്‍ ആദ്യ ഭാര്യയായ ഷെയ്ഖ ജവഹറിനെയും ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്യും. പുതിയ ലേബര്‍ ഗവണ്‍മെന്റിന് കീഴിലുള്ള ആദ്യത്തെ സന്ദര്‍ശനമാണിത്. ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ ആറ് രാജ്യങ്ങളായ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലുമായി ബ്രിട്ടീഷ് രാജകുടുംബവും സ്റ്റാര്‍മര്‍ ഭരണകൂടവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
കെയര്‍ സ്റ്റാര്‍മറും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ബ്രിട്ടീഷ് രാജവാഴ്ചയുടെ ശക്തി ഉപയോഗിച്ച് ജിസിസിയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഈയൊരു ബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ ബ്രിട്ടനിലെ തങ്ങളുടെ സോവറിന്‍ വെല്‍ത്ത് ഫണ്ട് നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ചാള്‍സ് രാജാവിന്റെ നയതന്ത്രവും രാജകുടുംബത്തിന്റെ സാംസ്‌കാരിക സ്വാധീനവും ഈ പുതിയ നിലപാടുകള്‍ക്ക് ശക്തി പകരുമെന്നും പ്രതീക്ഷിക്കുന്നു. ജിസിസിയുമായി കരാറില്‍ എത്തിയാല്‍, അതു വിദേശ വിനിമയത്തില്‍ ഏറ്റവും വലിയ നേട്ടമാകുമെന്ന് ബ്രിട്ടണ്‍ ഭരണകൂടം വിലയിരുത്തുന്നു. ഇതുവഴി ജിസിസി രാജ്യങ്ങള്‍ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പുതിയ പാത തുറന്നാല്‍ ബ്രിട്ടണ് കൂടുതല്‍ നേട്ടമാണ്. ഗള്‍ഫ് രാജ്യങ്ങളുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ ഇംഗ്ലണ്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആധുനിക ഉപകരണങ്ങള്‍ക്കുമായി ബ്രിട്ടണില്‍ നിക്ഷേപിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ സ്വതന്ത്ര വ്യാപാര കരാറിലൂടെ ബ്രിട്ടണുമായുള്ള ബന്ധങ്ങള്‍ സുനിശ്ചിതമാക്കാനും അവരുടെ അന്താരാഷ്ട്ര നിക്ഷേപങ്ങളില്‍ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങള്‍ നടത്താനും ഉദ്ദേശിക്കുന്നുണ്ട്. അവരുടെ ഭീകരതാ വിരുദ്ധത, മതേതരമായ വികസനം, മധ്യപൂര്‍വ്വ സമാധാനം തുടങ്ങിയ വിഷയങ്ങളില്‍ ബ്രിട്ടന്റെ നയപരമായ പിന്തുണയുടെ ആവശ്യം കാണുന്നു. ചാള്‍സ് രാജാവിന്റെ ഈ സംരംഭം ഗള്‍ഫ് നേതാക്കളുമായി സൗഹൃദം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ബ്രിട്ടണ് ജിസിസി രാഷ്ട്രങ്ങളുമായി 57 ബില്യണ്‍ പൗണ്ട് വാര്‍ഷിക വ്യാപാരമുണ്ട്. ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 16 ശതമാനം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ, ഇപ്പോള്‍ ഇന്ത്യ എന്നിവരുമായും സമാനമായ സ്വതന്ത്ര വ്യാപാര ഇടപാടുകള്‍ നടത്താന്‍ സ്റ്റാര്‍മറിന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ജിസിസി രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങളില്‍ പലരും ബ്രിട്ടണില്‍ നിന്ന് വിദ്യാഭ്യാസം നേടിയവരും കുതിരപ്പന്തയം പോലുള്ളവയില്‍ താല്‍പ്പര്യങ്ങള്‍ പങ്കിടുന്നവരും, ബ്രിട്ടനില്‍ നിക്ഷേപം നടത്തിയവരുമാണ്.
ജിസിസി രാജ്യങ്ങള്‍, പ്രത്യേകിച്ച് ഖത്തര്‍, സൗദി അറേബ്യ, യുഎഇ, എന്നിവ ബ്രിട്ടണില്‍ വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, ഉയര്‍ന്ന ഫണ്ട് നിക്ഷേപങ്ങള്‍ നടത്തുന്നു. ഇവയുടെ കൂടുതല്‍ വ്യാപനം ബ്രിട്ടന്റെ ആഗോള പ്രഭാവം വര്‍ദ്ധിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ ഗ്രീന്‍ എനര്‍ജി, ഡിജിറ്റല്‍ ഇക്കോണമി എന്നിവയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നു. ഈ മേഖലയില്‍ ബ്രിട്ടണ്‍ ശ്രദ്ധേയമായ പങ്ക് വഹിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ഗള്‍ഫ് രാജവംശങ്ങളും ബ്രിട്ടീഷ് രാജകുടുംബവും തമ്മിലുള്ള പരമ്പരാഗത ബന്ധം, വിദ്യാഭ്യാസം, സംസ്‌കാരപാരമ്പര്യം, ഇടപാടുകളുടെ സമകാലീന അര്‍ഥങ്ങള്‍ എന്നിവയിലൂടെ കൂടുതല്‍ ശക്തമാകുന്നു. വ്യാപാരനിബന്ധനകളും നിക്ഷേപപ്രവര്‍ത്തനങ്ങളും വഴി ബ്രിട്ടന്റെ സാമ്പത്തിക നയം പുനര്‍നിര്‍മിക്കാനാണ് സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ ലക്ഷ്യം. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രയത്‌നങ്ങളില്‍ സൗദി അറേബ്യ, ഖത്തര്‍, ജോര്‍ദാന്‍ എന്നിവരുടെ പങ്കാളിത്തം നിര്‍ണായകമാണ്. ഈ രാജ്യങ്ങള്‍ തങ്ങളുടെ പ്രാദേശികവും ആഗോളവുമായ വലിയ സ്വാധീനം ഉപയോഗപ്പെടുത്തി പ്രശ്നപരിഹാരത്തിലേക്ക് നയിക്കുന്നതില്‍ വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്ന് പല രാജ്യങ്ങളും വിശ്വസിക്കുന്നു.
സൗദി അറേബ്യയുടെ മുന്‍നിര നേതൃത്വവും ഇസ്ലാമിക ലോകത്തില്‍ അതിന്റെ സ്വാധീനവുമാണ് മിഡില്‍ ഈസ്റ്റിലെ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഭലമായ ശക്തി. ഖത്തറിന്റെ മധ്യസ്ഥ നയവും പല കഠിനമായ പ്രശ്നങ്ങളില്‍ ഉണ്ടാക്കിയ അനുകൂല ഫലങ്ങളും പ്രശസ്തമാണ്. ജോര്‍ദാന്‍, അവിടത്തെ ഭൗമാന്തരീക്ഷം, ചരിത്രപരമായ നിലപാടുകള്‍, പലയിടങ്ങളിലെയും അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിലെ പങ്ക് എന്നിവയിലൂടെ സമാധാനത്തിനായി കൂടുതല്‍ സംഭാവന ചെയ്യുന്നു. ഈ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം, മികച്ച നയരൂപീകരണങ്ങള്‍, അന്തര്‍ദേശീയ കക്ഷികളുമായി സഹകരിച്ചുള്ള നീക്കങ്ങള്‍ എന്നിവ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും ശാശ്വത പരിഹാരം കണ്ടെത്താനും വഴിവയ്ക്കുമെന്ന് ബ്രിട്ടണ്‍ കരുതുന്നു. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്നാണ് ബ്രിട്ടണിലെ രാജകുടുംബത്തെ ആദ്യകാലം മുതല്‍ക്കു തന്നെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴും ആ വിശേഷണത്തിന് അര്‍ഹത ഇവര്‍ക്കുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് ബ്രിട്ടീഷ് രാജവംശത്തെ ഉപയോഗപ്പെടുത്തി സ്റ്റാര്‍മര്‍ ഭരണകൂടം പലവിദേശ രാജ്യങ്ങളും അറബ് നാടുകളുമായി ഉഭയകക്ഷി ബന്ധത്തിനൊരുങ്ങുന്നത്. അതിനുള്ള ദൗത്യം വന്നുചേര്‍ന്നിരിക്കുന്നത് ചാള്‍സ് രാജകുമാരനും. ഏതായാലും ബ്രിട്ടീഷ് രാജവാഴ്ചയുടെ തണലില്‍ ലോകത്ത് ചലനങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് സ്റ്റാര്‍മര്‍ ഭരണകൂടം.