ഡബ്ലിന്‍: അയര്‍ലന്‍ഡ് പാര്‍ലമെന്റിലേക്ക് വെള്ളിയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആകെയുള്ള 43 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നും 174 പാര്‍ലമെന്റ് അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. ഇതില്‍ 41 പേരെ മാത്രമാണ് ഇതുവരെ വിജയികളായി പ്രഖ്യാപിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയും ഫിനഗേല്‍ പാര്‍ട്ടി നേതാവുമായ സൈമണ്‍ ഹാരിസ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ വിജയിച്ചു. വിക്ലോവ് മണ്ഡലത്തില്‍ നിന്നുമാണ് ടിഡിയായി തിരഞ്ഞെടുക്കപ്പെട്ടത്. എക്സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കിയ സൂചനകള്‍ പോലെ പ്രതിപക്ഷമായ സിന്‍ഫെയിന്‍ പാര്‍ട്ടിക്ക് മികച്ച വിജയം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് സൈമണ്‍ ഹാരിസ് പറഞ്ഞു. ശുഭ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നതെന്നും ഫിനഗേല്‍ വീണ്ടും അധികാരത്തില്‍ എത്തുവാന്‍ സാധ്യത ഉണ്ടെന്നും സൈമണ്‍ ഹാരിസ് പറഞ്ഞു. വിക്ലോവ് മണ്ഡലത്തില്‍ നിന്നും 30% ത്തിനടുത്ത് ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയും ആദ്യ റൗണ്ടില്‍ തന്നെ 16,869 വോട്ടുകളുമായി ക്വോട്ട മറികടക്കുകയും ചെയ്താണ് സൈമണ്‍ ഹാരിസ് വിജയിച്ചത്.
ഫിനഗേല്‍, ഫിനാഫാള്‍, ഗ്രീന്‍ പാര്‍ട്ടി എന്നിവ സംയുക്തമായാണ് ഭരണം നടത്തിയിരുന്നതെങ്കിലും വെവ്വേറെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. കൂടാതെ മുഖ്യപ്രതിപക്ഷമായ സിന്‍ഫെയിന്‍ ഉള്‍പ്പടെ 30 രാഷ്ട്രീയ പാര്‍ട്ടികള്‍ ആണ് അയര്‍ലന്‍ഡില്‍ മത്സരിച്ചത്. സ്വതന്ത്രര്‍ ഉള്‍പ്പടെ ഏകദേശം 650ല്‍പ്പരം സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. നിലവിലെ കണക്കുകള്‍ പ്രകാരം ഫിനാഫാള്‍ 21.3% വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഫിനഗേല്‍ 20.8% വോട്ടുകള്‍ നേടി തൊട്ടടുത്ത് ഉണ്ട്. പ്രതിപക്ഷമായ സിന്‍ഫെയിന്‍ 18.7% വോട്ട് നേടി മൂന്നാം സ്ഥാനത്താണ്. സൈമണ്‍ ഹാരിസിനെ കൂടാതെ ഉപ പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിന്‍, പ്രതിപക്ഷ നേതാവ് മേരി മാക്‌ഡോണള്‍ഡ്, ആന്റു പാര്‍ട്ടി ലീഡര്‍ പാഡോര്‍ ടോബിന്‍ എന്നിവര്‍ വിജയിച്ചു. സൈമണ്‍ ഹാരിസിന് ഒപ്പം ഗ്രീന്‍ പാര്‍ട്ടി പ്രതിനിധികളായി ഭരണം പങ്കിട്ടിരുന്ന ഓഷിന്‍ സ്മിത്ത്, ജോ ഒബ്രിയാന്‍ തുടങ്ങിയ മന്ത്രിമാര്‍ പരാജയപ്പെട്ടു. ഇതുവരെ ഫലം പ്രഖ്യാപിച്ച മണ്ഡലങ്ങളില്‍ പൂര്‍ണ്ണ ഫലം പുറത്തു വന്നത് ഡണ്‍ലേരി, വെസ്റ്റ് മീത്ത് മണ്ഡലങ്ങളില്‍ മാത്രമാണ്. വോട്ടെണ്ണല്‍ ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ പൂര്‍ണ്ണഫലം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മാത്രമെ പുറത്തുവരാന്‍ സാധ്യതയുള്ളുവെന്ന് കരുതാം.